ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്‌ട്രീയ വിമർശനങ്ങൾക്കെതിരെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് രംഗത്ത്. ഷെയ്ഖ് ഹസീനയുടെ നീക്കങ്ങൾ ഒരിക്കലും ഇന്ത്യയ്‌ക്ക് ഗുണം ചെയ്യില്ലെന്നും, അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഷെയ്ഖ് ഹസീന നിശബ്ദത പാലിക്കുകയാണ് വേണ്ടതെന്നും മുഹമ്മദ് യൂനുസ് പറയുന്നു.
ബംഗ്ലാദേശിൽ നടന്നത് തീവ്രവാദ പ്രവർത്തനങ്ങളാണെന്നും, കുറ്റക്കാരെ കണ്ടെത്തി കർശനശിക്ഷ ഉറപ്പാക്കണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു മുഹമ്മദ് യൂനുസിന്റെ വിമർശനം. ഹസീനയുടെ ഇത്തരം അഭിപ്രായപ്രകടനം ഒരിക്കലും ബംഗ്ലാദേശിനോ ഇന്ത്യയ്‌ക്കോ നല്ലതല്ലെന്നും മുഹമ്മദ് യൂനുസ് കൂട്ടിച്ചേർത്തു. വിഷയത്തിലുള്ള ബംഗ്ലാദേശിന്റെ നിലപാട് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും മുഹമ്മദ് യൂനുസ് വ്യക്തമാക്കി.
ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെടുന്ന നിമിഷം ഇന്ത്യ അവരെ ഞങ്ങൾക്ക് കൈമാറണം. അതുവരെ ഇന്ത്യ അവരെ അവിടെ നിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ നിശബ്ദത പാലിക്കുന്നതായിരിക്കും നല്ലത്. സൗഹാർദ്ദപരമല്ലാത്ത നീക്കമാണ് ഷെയ്ഖ് ഹസീനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അവർ സംസാരിക്കുമ്പോൾ കൂടുതൽ പ്രശ്‌നങ്ങളിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒരുപക്ഷേ അവർ മിണ്ടാതിരുന്നെങ്കിൽ ഞങ്ങൾ പലതും മറക്കാൻ ശ്രമിക്കുമായിരുന്നു. അവർ മറ്റേതോ ലോകത്തെന്ന പോലെയാണ് സംസാരിക്കുന്നതെന്നും മുഹമ്മദ് യൂനുസ് വിമർശിച്ചു.