കൽപറ്റ: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമണങ്ങൾ വർധിക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നതെന്നും പ്രിയങ്കഗാന്ധി തുറന്നടിച്ചു. വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായ പ്രിയങ്ക മീനങ്ങാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.മണിപ്പൂരിൽ ഉൾപ്പടെ ന്യുനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ നടക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് വേണ്ടി നയങ്ങൾ മാറ്റുന്നു. കര്‍ഷകരോട് അനുതാപവും അനുഭാവവുമില്ല. ആദിവാസികളുടെ പാരമ്പര്യം മനസ്സിലാക്കുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിനു മെഡിക്കൽ കോളജ് വേണം എന്നത് എനിക്കറിയാം, പലരും പറഞ്ഞു. എന്റെ സഹോദരൻ ഇതിനായി കുറേ കഷ്ടപ്പെട്ടു. അതുപോലെ ഞാനും തുടരും. മനുഷ്യ മൃഗ സംഘർഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്നം പരിഹരിക്കാനും ആവശ്യങ്ങൾ ഉണ്ട്. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾ എല്ലാം ഞാൻ മനസിലാക്കുന്നു. ഓരോ മനുഷ്യരോടും നേരിട്ട് സംസാരിക്കണം എന്നുണ്ട്. രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം വിഷമം ഉണ്ടെന്ന് ഒരു സഹോദരി എന്ന നിലയിൽ എനിക്കറിയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എല്ലാവരും കുറ്റം പറഞ്ഞപ്പോൾ വയനാട് രാഹുലിനെ ചേർത്തുപിടിച്ചു. ഭാരത് ജോഡോ യാത്രക്ക് ധൈര്യം നൽകിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടുകാരെ സ്വന്തം കുടുംബമായാണ് രാഹുൽ കാണുന്നത്. ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യത്തിനും സത്യത്തിനും തുല്യതക്കും വേണ്ടിയാണ് പോരാട്ടം. എപ്പോഴെങ്കിലും ജനാധിപത്യത്തിന് വേണ്ടി നിൽക്കേണ്ട സമയം ഉണ്ടെങ്കിൽ അത് ഇപ്പോഴാണ്. വയനാട്ടിൽ നിന്ന് എത്ര ലക്ഷത്തിനു ജയിക്കും എന്നല്ല, ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വയനാട്ടിലെ വോട്ടറായ 73കാരി ത്രേസ്യാമ്മയെ കണ്ട സന്തോഷവും പ്രിയങ്ക പങ്കുവച്ചു. ത്രേസ്യാമ്മ കെട്ടിപ്പിടിച്ചപ്പോള്‍ സ്വന്തം അമ്മ കെട്ടിപ്പിടിച്ചതുപോലെയാണ് തോന്നിയതെന്ന് പ്രിയങ്ക പറഞ്ഞു. വയനാട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോഴേ എനിക്കൊരു അമ്മയെ തന്നുവെന്നും പ്രിയങ്ക പറഞ്ഞു.വയനാട്ടിലെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥലം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാൻ മാറുമെന്നും പ്രിയങ്ക പറഞ്ഞു.