വാഷിങ്ടൺ: അധികാരത്തിൽ നിന്നിറങ്ങാൻ ദിവസങ്ങൾ ശേഷിക്കെ വധശിക്ഷ വിധിച്ച കുറ്റവാളികൾക്ക് ശിക്ഷയിളവ് നൽകി ജോ ബൈഡൻ. വധശിക്ഷകൾ വർധിപ്പിക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തെത്തുടർന്നാണ് ബൈഡൻ ശിക്ഷായിളവ് നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് നിഗമനം. ഫെഡറൽ വധശിക്ഷ കാത്തുകിടക്കുന്ന 40 കുറ്റവാളികളിൽ 37 പേർക്കാണ് ബൈഡൻ ശിക്ഷയിളവ് നൽകിയിരിക്കുന്നത്.
യുഎസിലെ ഓരോ സംസ്ഥാനങ്ങൾക്കും ഓരോ തരം ശിക്ഷാരീതികളാണുള്ളത്. 50ൽ 27 സംസ്ഥാനങ്ങളും അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ വധശിക്ഷയാണ്. ചില സംസ്ഥാനങ്ങളിൽ ഇത് ജീവപര്യന്തമാണ്. എന്നാൽ കുറ്റത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങൾക്ക് മുകളിലും പരമാധികാരമുള്ള യുഎസ് ഗവൺമെന്റിന് ചില കുറ്റവാളികളെ നേരിട്ട് വധശിക്ഷയ്ക്ക് വിധിക്കാം. ഇത്തരം വധശിക്ഷകളെ ഫെഡറൽ വധശിക്ഷ എന്ന് പറയുന്നു.
സാങ്കേതിക തകരാർ: എല്ലാ വിമാനങ്ങളും നിലത്തിറക്കി അമേരിക്കൻ എയർലൈൻസ്
ബൈഡന്റെ ശിക്ഷായിളവ് നയത്തിനെതിരെ രൂക്ഷവിമർശനവുമായി റിപബ്ലിക്കൻ പാർട്ടി രംഗത്തുവന്നു. ബൈഡൻ നിയമത്തെ അനുശാസിക്കുന്ന അമേരിക്കൻ ജനതയോടൊപ്പമല്ല, കുറ്റവാളികൾക്കൊപ്പമാണ് എന്നാണ് പാർട്ടിയുടെ വിമർശനം.
2016ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വരുന്നതിന് മുമ്പ് അമേരിക്കയിൽ ഗവൺമെന്റ് നേരിട്ട് ഇടപെട്ടുള്ള വധശിക്ഷകൾ താരതമ്യേന അപൂർവമായിരുന്നു. എന്നാൽ ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ ഫെഡറൽ വധശിക്ഷകൾ വൻതോതിൽ വർധിച്ചിരുന്നു.
ഇത്തരത്തിൽ ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 കുറ്റവാളികളിൽ 37 പേർക്കാണ് ബൈഡൻ ശിക്ഷായിളവ് നൽകിയത്. ശേഷിക്കുന്നത് മൂന്നുപേരാണ്. 2013ൽ മുന്ന് പേരുടെ മരണത്തിനും നിരവധി പേരുടെ മരണത്തിനും കാരണമായ ബോസ്റ്റൺ മാരത്തൺ ബോംബിങ്ങിലെ പ്രതിയായ ഷോഖാർ സർനയീവും. 2011ൽ പിറ്റ്‌സ്‌ബെർഗിൽ ജൂത ദേവാലയത്തിൽ വെടിവെപ്പ് നടത്തി 11 പെരെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത റോബർട്ട് ബൊവേഴ്‌സും, 2015ൽ ചാൾട്ടണിൽ ക്രിസ്തീയ ദേവാലയത്തിൽ വെടിവെപ്പ് നടത്തി ഒമ്പത് ഇടവകാംഗങ്ങളെ കൊലപ്പെടുത്തിയ ഡിലൻ റൂഫുമാണ് ശിക്ഷയിൽ ഇളവ് ലഭിക്കാത്ത കുറ്റവാളികൾ.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ബൈഡന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ ആംനെസ്റ്റി ഇന്റർനാഷണലിനെതിരെയും വിമർശനവുമായി റിപബ്ലിക്കൻ പാർട്ടി പ്രതിനിധികളും ട്രംപ് അനുകൂലികളും രംഗത്തുവന്നു.
‘ലോകത്തിലെ ഏറ്റവും വലിയ കൊലയാളികൾക്കാണ് ബൈഡൻ ശിക്ഷയിളവ് നൽകിയത്, ഇത് ഇവർ കൊലപ്പെടുത്തിയ ആളുകളുടെയും അവരുടെ കുടുംബത്തിനെയും അവഹേളിക്കുന്ന നടപടിയാണ്’ എന്നാണ് ട്രംപിന്റെ മാധ്യമപ്രചാരണ സംഘത്തിന്റെ തലവനായ സ്റ്റീഫൻ ചിയോങ് പറഞ്ഞത്.
‘ട്രംപ് നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു, ബൈഡൻ ഭരണകൂടം ലഘൂകരിച്ച വധശിക്ഷാ നിയമങ്ങളെ പുനഃസ്ഥാപിക്കും, എന്നാൽ ശിക്ഷായിളവ് നൽകിയ നടപടികളിൽ തിരുത്തൽ വരുത്തില്ല’ എന്നും ചിയോങ്ങ് കൂട്ടിച്ചേർത്തു.
ബൈഡൻ നീതിയെ വളച്ചൊടിച്ചെന്നും ഇത് ബോധമില്ലാത്ത നടപടിയാണെന്നുമാണ് വധശിക്ഷ ഏറ്റവുമധികം നടപ്പിലാക്കുന്ന സംസ്ഥാനമായ ടെക്‌സസിലെ റിപബ്ലിക്കൻ പ്രതിനിധി ചിപ്പ് റോയ് പറഞ്ഞത്.
നീതിയും നിയമവും പാലിക്കുന്ന അമേരിക്കൻ പൗരൻമാരെക്കാൾ ബൈഡൻ മുൻഗണന കൊടുക്കുന്നത്, കുറ്റവാളികൾക്കാണെന്നായിരുന്നു ആർക്കൻസാസ് സംസ്ഥാനത്തിലെ റിപബ്ലിക്കൻ സെനറ്ററായ ടോം കോട്ടൺ പ്രതികരിച്ചത്.
ബൈഡന്റെ ശിക്ഷയിളവ് നടപടിക്കെതിരെ കുറ്റവാളികളാൽ കൊല്ലപ്പെട്ട ആളുകളുടെ കുടുംബങ്ങളും വിമർശനവുമായി രംഗത്തുവന്നു.
ശിക്ഷായിളവ് ലഭിച്ച ഒരു കുറ്റവാളിയാൽ കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ ശിക്ഷായിളവ് നടപടിയെ ‘അധികാരത്തിന്റെ ഏറ്റവും വൃത്തികെട്ട ദുർവിനിയോഗം’ എന്നാണ് വിശേഷിപ്പിച്ചത്. ‘ശിക്ഷായിളവ് നടപ്പിലാക്കിയ ഒരവസരത്തിലും ബൈഡൻ ഇരകളെക്കുറിച്ച് ആലോചിച്ചില്ല, അദേഹത്തിന്റെയും അദേഹത്തിന് പിന്തുണയ്ക്കുന്നവരുടെയും കൈകളിൽ ഇരകളുടെ ചോരക്കറയുണ്ട്’ എന്നും യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
യുഎസിൽ സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തിൽ വധശിക്ഷ കാത്ത് കിടക്കുന്ന 2,200 കുറ്റവാളികൾ ബൈഡന്റെ ശിക്ഷായിളവിന്റെ പരിധിയിൽ ഉൾപെടുന്നില്ല.