ന്യൂഡൽഹി: ഹോട്ടലുകൾക്കായി പുതിയ ചെക്ക്-ഇൻ പോളിസി അവതരിപ്പിച്ച് പ്രമുഖ ട്രാവൽ ആൻഡ് ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഇനിമുതൽ ഓയോയിൽ ചെക്ക്- ഇൻ ചെയ്യാൻ കഴിയില്ല. ഉത്തരപ്രദേശിലെ മീററ്റിലാണ് ഈ പുതിയ പോളിസി ആദ്യം പ്രാബല്യത്തിലായത്.
കമ്പനിയുടെ പുതിയ നയമമനുസരിച്ച് റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്താലും ചെക്ക്-ഇൻ സമയത്ത് റൂമെടുക്കുന്നവർ ഇവരുടെ ബന്ധം വ്യക്തമാക്കുന്ന സാധുവായ തെളിവ് ഹാജരാക്കണം. ജനങ്ങളുടെ അഭിപ്രായത്തിന്മേലാണ് പുതിയ നയം മാറ്റമെന്നാണ് കമ്പനി വിശദീകരിക്കുന്നത്. ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.
ഓയോ റൂമുകളെപ്പറ്റി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ മാറ്റുന്നതിനും കുടുംബങ്ങൾ, വിദ്യാർത്ഥികൾ, ബിസിനസ്സ് യാത്രക്കാർ, തീർത്ഥാടകർ, തുടങ്ങിയവർക്ക് സുരക്ഷിതവും വിശ്വസനീയവുമായ താമസ സൗകര്യം നൽകുകയുമാണ് കമ്പനിയുടെ ലക്ഷ്യം.
സുരക്ഷിതമായ ആതിഥ്യ മര്യാദകളെ കുറിച്ച് പൊലീസുമായും ഹോട്ടൽ പങ്കാളികളുമായും ചേർന്ന് സംയുക്ത സെമിനാറുകൾ സംഘടിപ്പിക്കുക, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ കരിമ്പട്ടികയിൽ പെടുത്തുക, ‘OYO’ ബ്രാൻഡിംഗ് ഉപയോഗിക്കുന്ന അനധികൃത ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുക എന്നിങ്ങനെ ഓയോ രാജ്യവ്യാപകമായി നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്.