ദില്ലി : അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. അക്കൗണ്ടുകള്‍ കോണ്‍ഗ്രസിന് തല്‍ക്കാലം ഉപയോഗിക്കാൻ ആദായ നികുതി വകുപ്പ് അപ്പല്ലേറ്റ് അതോറിറ്റി അനുമതി നല്‍കി. ഫെബ്രുവരി 21 ന് കോണ്‍ഗ്രസിന്‍റെ പരാതി അതോറിറ്റി പരിഗണിക്കുമെന്ന് എംപി വിവേക് തൻഖ അറിയിച്ചു.
അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി പിഴ ചുമത്തിയതായും ട്രഷറർ അജയ് മാക്കനാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അറിയിപ്പ് പോലും നല്കാതെയാണ് കോൺഗ്രസിൻറെ അക്കൗണ്ട് മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെ ബുധനാഴ്ചയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പര്‍ ഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്‍റെ എല്ലാ രാഷ്ട്രീയ നീക്കങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി ബില്‍ അടക്കാനോ ജീവനക്കാർക്ക് ശന്പളം കൊടുക്കാനോ കഴിയാത്ത സ്ഥിതിയാണന്നും അജയ് മാക്കൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
ഭാവിയിൽ തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകില്ല എന്ന വാദം ശരിവയ്ക്കുന്നതാണ് നടപടിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു. അനധികൃതമായി ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി കോടികൾ സമാഹരിച്ച അക്കൗണ്ടുകള്‍ക്ക് തടസ്സമില്ലാത്തപ്പോഴാണ് ഈ നടപടിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ വിർമശിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് ആദായ നികുതി വകുപ്പ് അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. കോടതിയെ സമീപിക്കുമെന്നും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്ത് അടുത്ത നടപടി സ്വീകരിക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു.