വാഷിംഗ്ടണ്‍ : തന്റെ പിതാവിന്റെ മാതൃരാജ്യമായ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അവിടുത്തെ ആളുകളുമായി ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കിടുമെന്നും സ്ഥിരീകരിച്ച് നാസയിലെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. മാര്‍ച്ച് 31 ന് ഹ്യൂസ്റ്റണിലെ നാസ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുനിത വില്യംസും ബുച്ച് വില്‍മോറും. ഒന്‍പത് മാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിക്കിടന്ന സ്പേസ് എക്സ് ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായ ഇരുവരും ഭൂമിയിലേക്ക് മടങ്ങിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനമായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരുന്നപ്പോള്‍ ഇന്ത്യ ബഹിരാകാശത്ത് നിന്ന് കണ്ട അനുഭവവും 59കാരിയായ സുനിത പങ്കുവെച്ചു. ‘ഇന്ത്യ അത്ഭുതകരമാണ്. ഞങ്ങള്‍ ഹിമാലയത്തിന് മുകളിലൂടെ പോകുമ്പോഴെല്ലാം ഞാനത് പറയും, ബുച്ചിന് ഹിമാലയത്തിന്റെ ചില അവിശ്വസനീയമായ ചിത്രങ്ങള്‍ ലഭിച്ചു. അതിശയകരമാണ്.’- സുനിത പറഞ്ഞു.