ചെന്നൈ: തമിഴ്‌നാട്ടിലെ എഐഎഡിഎംകെ-ബിജെപി സഖ്യത്തിനെതിരെ വിമര്‍ശനവുമായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. എന്‍ഡിഎ സഖ്യം ജനവിരുദ്ധമാണെന്നും അണ്ണാ ഡിഎംകെ- ബിജെപി സഖ്യം മൂന്നുതവണ തമിഴ്‌നാട് തളളിയതാണെന്നും വിജയ് പറഞ്ഞു. സഖ്യപ്രഖ്യാപനത്തില്‍ അത്ഭുതമില്ലെന്നും ബിജെപിയുടേത് ഡിഎംകെയെ സഹായിക്കാനുളള നാടകമാണെന്നും വിജയ് ആരോപിച്ചു. ബിജെപിയുടെ രഹസ്യ പങ്കാളി ഡിഎംകെയും പരസ്യ പങ്കാളി എഐഎഡിഎംകെയുമാണ്. 2026-ലെ തെരഞ്ഞെടുപ്പില്‍ മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കും. എംജിആറിന്റെ അനുഗ്രഹം ടിവികെയ്‌ക്കൊപ്പമാണ്- വിജയ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് 2026-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും സഖ്യമായി മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് സഖ്യപ്രഖ്യാപനം നടത്തിയത്. ദേശീയ തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലും തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, ബിജെപി – എഐഎഡിഎംകെ സഖ്യത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു.
‘അമിത് ഷാ റെയ്ഡ് നടത്തി പേടിപ്പിച്ചാണ് സഖ്യമുണ്ടാക്കിയതെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. ഒറ്റയ്ക്കായാലും മുന്നണിയായാലും ബിജെപിയെ തമിഴ്‌നാട് ജനത പാഠം പഠിപ്പിക്കും. സംസ്ഥാന വഞ്ചകര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് അണ്ണാ ഡിഎംകെ. അഴിമതിക്കേസില്‍ ജയിലില്‍ പോയ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പം കൂടി ബിജെപി അഴിമതിയെക്കുറിച്ച് സംസാരിക്കുകയാണ്’-എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.