ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖമുള്ള ജി-പേ പോസ്റ്ററുകളുമായി തമിഴ്നാട്ടിൽ ഡി.എം.കെയുടെ പ്രചാരണം. ക്യൂ.ആർ കോഡുകൾ അടങ്ങിയ പോസ്റ്ററുകളിൽ കോഡ് സ്കാൻ ചെയ്ത് അഴിമതികൾ മുഴുവൻ കാണൂ എന്നും എഴുതിയിട്ടുണ്ട്. സ്കാൻ ചെയ്തു കഴിഞ്ഞാൽ ബി.ജെ.പിയുടെ ഇലക്ടറൽ ബോണ്ട് കുംഭകോണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ വിഡിയോ കാണാൻ സാധിക്കും. ബുധനാഴ്ച വെല്ലൂരിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി ഡി.എം.കെക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അതിനു മറുപടിയായാണ് ഡി.എം.കെയുടെ ജി-പേ പോസ്റ്റാറുകൾ പ്രത്യക്ഷപ്പെട്ടത്.
ഡി.എം.കെ അഴിമതിയുടെ കുത്തകയാണെന്നും വിഭജന രാഷ്ട്രീയമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ഡി.എം.കെയും സഖ്യകക്ഷിയായ കോൺഗ്രസും പൊതുക്ഷേമത്തേക്കാൾ കുടുംബ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും നരേന്ദ്രമോദി ആരോപിച്ചു.‘അഴിമതിയുടെ ആദ്യ പകർപ്പവകാശം ഡി.എം.കെ സ്വന്തമാക്കി. അവർ തമിഴ്നാടിനെ കൊള്ളയടിക്കുകയാണ്. 5ജിയുടെ വരവോടെ രാജ്യം ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ റെക്കോർഡ് സൃഷ്ടിച്ചു. എന്നാൽ 2ജി അഴിമതിയിലുടെ ഡി.എം.കെ രാജ്യത്തെ അപകീർത്തിപ്പെടുത്തി. അഴിമതിക്കാരെ സംരക്ഷിക്കാൻ കോൺഗ്രസും ഡി.എം.കെയും മുൻനിരയിൽ നിൽക്കുന്നു. അഴിമതി നീക്കം ചെയ്യണമെന്ന് ഞാൻ പറയുമ്പോൾ അവർ പറയുന്നത് അഴിമതിക്കാരെ സംരക്ഷിക്കൂ എന്നാണ്’ -മോദി പറഞ്ഞു. 2ജി സ്പെക്ട്രം അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട എ. രാജയെയും കനിമൊഴിയെയും പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. ഏപ്രിൽ 19നാണ് തമിഴ്നാട്ടിലെ 39 ലോക്സഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.