കുറച്ച് കാലമായി ഇലോൺ മസ്‌ക് എക്‌സിനെ (ട്വിറ്റർ) പെയ്ഡ് വെബ്സൈറ്റാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ വർഷം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കിടെ അതിന്റെ സൂചനകൾ, ശതകോടീശ്വരൻ നൽകിയിരുന്നു. പ്ലാറ്റ്‌ഫോമിലെ ശല്യക്കാരായ ബോട്ട് ആർമികളെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം “ചെറിയ തുക” ഈടാക്കുക’ എന്നതാണെന്ന് മസ്ക് അന്ന് പറയുകയുണ്ടായി. എന്നാൽ, എക്സ് ഒടുവിൽ പണമീടാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ്.
പുതുതായി എക്‌സിൽ അക്കൗണ്ട് തുടങ്ങുന്നവരിൽ നിന്ന് പണം ഈടാക്കാനാണ് കമ്പനിയുടെ പദ്ധതി. വ്യാജ അക്കൗണ്ടുകളും ബോട്ടുകളും തടയുന്നതിനും അതുവഴി എക്‌സിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുമാണ് പണം ഈടാക്കുന്നതെന്നാണ് മസ്ക് പറയുന്നത്. ചെറിയ രീതിയിൽ പണം ഈടാക്കിത്തുടങ്ങിയാൽ വ്യാജന്മാർ പിന്നെ എക്സിലേക്ക് വരില്ലെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ബോട്ട് അക്കൗണ്ടുകള്‍ കാരണം എക്സ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഓണ്‍ലൈന്‍ കാമ്പയിനുകള്‍ക്കും തട്ടിപ്പുകള്‍ക്കുമായാണ് ബോട്ടുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
എക്‌സിൽ പോസ്റ്റ് ചെയ്യുന്നതിനും ലൈക്ക്, റിപ്ലൈ എന്നിവ ചെയ്യുന്നതിനുമാകും പണം നൽകേണ്ടിവരിക. എന്നാൽ, പണമടച്ചില്ലെങ്കിലും ആരെയെങ്കിലും ഫോളോ ചെയ്യുന്നതിനോ തിരയുന്നതിനോ പോസ്റ്റുകൾ വായിക്കുന്നതിനോ യാതൊരു തടസവും നേരിടില്ല. എന്നാൽ, മസ്കിന്റെ തീരുമാനത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്.
എന്നുമുതലാണ് പുതിയ സംവിധാനം നിലവിൽ വരിക എന്നതിനെ കുറിച്ചും, എത്ര പണം ഈടാക്കുമെന്നതും ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ന്യൂസിലാൻഡ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങിൽ പരിക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ പണം ഈടാക്കിതുടങ്ങിയിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ 1.75 ഡോളറാണ് ഈടാക്കിയിരുന്നത്. യുഎസില്‍ എത്തിയാൽ ഒരു ഡോളര്‍ ആയിരിക്കും നിരക്ക്.