കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയുടെ ആർഎസ്എസിന്റെയും മനസ്സറിയുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും അവരോട് ഇത്രയും അടുപ്പമുള്ള മറ്റൊരു നേതാവില്ലെന്നും ഇ പി ജയരാജൻ പരിഹസിച്ചു. രാഹുലിന് പക്വതയില്ല അതുകൊണ്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുലിനെ ഉപദേശിക്കണമെന്നും ജയരാജൻ പറഞ്ഞു.
വിദേശത്ത് നിന്ന് ഇറക്കിയ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വളർന്നു വന്ന നേതാവാണ്. പിണറായി വിജയന്റെ തലവെട്ടാൻ ആഹ്വാനം ചെയ്തവരാണ് ആർ എസ് എസ്. നാഷണൽ ഹെറാൾഡ് കേസിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല. ബിജെപിക്ക് മുന്നിൽ സാഷ്ടാംഗം നമസ്ക്കരിക്കുകയാണ് പ്രിയങ്കയും രാഹുലും. ഇൻഡ്യ സഖ്യത്തെ ദുർബലപ്പെടുത്തുന്നതാണ് രാഹുലിൻ്റെ പ്രതികരണം അത് ബിജെപിക്ക് വേണ്ടിയാണെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
മോദി കരുവന്നൂരിലെയോ തൃശൂരിലെയോ പ്രധാനമന്ത്രിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഇ പി ജയരാജൻ പരിഹസിച്ചു. കല്യാശേരിയിലെ വോട്ട് വിവാദത്തെക്കുറിച്ചും ഇപി ജയരാജൻ പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്നറിയില്ല. നീതിപൂർവ്വകമായി തിരഞ്ഞെടുപ്പ് നടക്കണം. വോട്ടറായ ആയ ദേവകിക്ക് കണ്ണു കാണില്ല അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറി സഹായിച്ചത്. ഞങ്ങൾക്ക് ഒരു ഭയപ്പാടുമില്ല. ഭയമുള്ളവരാണ് പേടിച്ച് നിലവിളിക്കുന്നത്. അതിന്‍റെ ഭാഗമായിട്ടാണ് ഈ ചെറിയ സംഭവത്തെ ചൂണ്ടിക്കാട്ടി കേരളം മുഴുവൻ ഇങ്ങിനെയാണെന്ന് പറയുന്നതെന്ന് ഇപി ജയരാജൻ പറഞ്ഞു.