വാഷിംഗ്‌ടൺ: യുഎസ് പ്രഡിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് നേടി ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ്. വിസ്കോൺസിൻ, പെൻസിൽവാനിയ, മിച്ചിഗൺ എന്നീ സ്വിങ് സ്റ്റേറ്റ്‌സുകളിൽ കമലാ ഹാരിസ് ലീഡ് നേടിയതായാണ് റിപ്പോർട്ടുകൾ.
ന്യൂയോർക്ക് ടൈംസ്, സിയന്നാ കോളേജ് എന്നിവ ഓഗസ്റ്റ് 5 നും 9 നും ഇടക്ക് നടത്തിയ സർവേകളാണ് കമലയ്‌ക്ക് ട്രംപിനെക്കാൾ 4 ശതമാനം ലീഡ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്. മൂന്ന് സ്വിങ് സ്റ്റേറ്റ്‌സുകളിലായി 1,973 രജിസ്റ്റർ ചെയ്ത വോട്ടർമാരാണുള്ളത്. ഇതിൽ 46 മുതൽ 50 ശതമാനം വരെ ആളുകളുടെ പിന്തുണ കമലയ്‌ക്കൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ.
മിനസോട്ട ഗവർണറായ ടിം വാൾസിനെ കമലാ ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് മത്സരാർത്ഥിയായി തിരഞ്ഞെടുത്ത ആഴ്ചയിലാണ് സർവ്വേ നടന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ സ്ഥാനാർത്ഥിയായിരുന്ന ജോ ബൈഡൻ ഡൊണാൾഡ് ട്രംപിന് പിന്നിലാണെന്ന മുൻ സർവ്വേ ഫലങ്ങളിൽ നിന്നുള്ള പ്രകടമായ ഒരു മാറ്റമായാണ് ഈ ലീഡ് നില കണക്കാക്കുന്നത്. മത്സരരംഗത്തേക്ക് വന്ന ശേഷം പെൻസിൽവാനിയയിൽ മാത്രം 10 പോയിന്റ് ലീഡ് നേടാനായത് കമലാ ഹാരിസിനുള്ള സ്വീകാര്യതയായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഡെമോക്രറ്റുകൾക്ക് ഭരണം നിലനിർത്താൻ വിസ്കോൺസിൻ, പെൻസിൽവാനിയ, മിഷിഗൺ എന്നീ സ്വിങ് സ്റ്റേറ്റ്‌സുകൾ നിർണായകമാണ്.