പി പി ചെറിയാൻ
ഹൂസ്റ്റൺ:ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വത്തിനു 33 വർഷം തികയുന്ന ദിനത്തിൽ അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഒ ഐ സി സി(യു എസ് എ) ദേശീയ കമ്മിറ്റി.
1991 മെയ് 21നു തമിഴ്നാട്ടിലെ പെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെ ബോംബ് സ്‌ഫോടനത്തിൽ നാല്പത്തിയേഴാം വയസിലാണ് രാജീവ് ഗാന്ധി അതിദാരുണമായി വധിക്കപ്പെട്ടത് .ഭാരതം കണ്ട ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ്‌ഗാന്ധി. രാഷ്ട്രീയ പ്രവർത്തന പരിചയമോ ഭരണ തന്ത്രങ്ങളോ ഒട്ടും വശമില്ലാതിരുന്നിട്ടും രാജ്യം ആവശ്യപ്പെട്ട ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ ഇന്ത്യയുടെ ഭാഗേധേയം ഏറ്റെടുക്കേണ്ടിവന്നു.ഇന്ദിരാഗാന്ധി 1984 ൽ അംഗരക്ഷകരുടെ വെടിയേറ്റ് രക്തസാക്ഷിയായപ്പോൾ പൈലറ്റ് ആയിരുന്ന രാജീവ് അധികാരം ഏറ്റെടുക്കുകയും ആ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ നെഹ്‌റുവിനുപോലും കിട്ടാത്ത മൃഗീയ ഭൂരിപക്ഷത്തിൽ അധികാരം കയ്യാളുകയും ചെയ്തു.
അപ്രതീക്ഷിതമായുണ്ടായ അതിദാരുണമായ അന്ത്യത്തിൽ നാടും നഗരവും നടുങ്ങി. “നട്ടുച്ചക്ക് സൂര്യൻ അസ്തമിച്ചു ” എന്ന് അടൽ ബിഹാരി വാജപേയ് അന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എത്രത്തോളം ഉൽക്കടമായ ശോകവും ദുഖവും ആശങ്കയും അദ്ദേഹത്തെ അലട്ടിയിരിക്കാം. 1944 ൽ ഇന്ദിരാഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും പുത്രനായി ബോംബെയിൽ ജനിച്ചു. ഡൂൺ സ്കൂളിലും കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും പഠനം പൂർത്തിയാക്കി. 1991 ൽ ഭാരതരത്ന അവാർഡ്, ഇന്ദിരാഗാന്ധി അവാർഡ് എന്നിവ നേടി. 1984 മുതൽ 1989 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായും ദീർഘകാലം കോൺഗ്രസ് അധ്യക്ഷനായും പ്രവർത്തിച്ചു. ദീപ്തമായ ആ ഓർമകൾക്ക് മുമ്പിൽ പ്രണാമം അർപ്പികുന്നതായി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ, ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ പുറത്തിറക്കിയ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.



