കൽപ്പറ്റ: വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകണമെന്ന് ടി സിദ്ധിഖ് എംഎൽഎ. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയവസ്ഥയുടെ ഇര കൂടിയാണ് പോൾ. ചികിത്സ വൈകിയതാണ് പോളിന്റെ മരണത്തിന് കാരണമായത്. വയനാട് മെഡിക്കൽ കോളജിൽ എയർ ലിഫ്റ്റിങ് സൗകര്യം ഏർപ്പെടുത്തണം. വയനാട്ടിൽ മനുഷ്യരുടെ ദീനരോദനം ഉയരുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം വനം മന്ത്രിയെ പുറത്താക്കാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയാണ് പോസ്റ്റ്മോർട്ടം നടന്നത്. പോലീസും വനം വകുപ്പും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പുൽപ്പള്ളി സെൻറ് ജോർജ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെയാണ് കുറുവ ദ്വീപിലെ വി.എസ്.എസ് ജീവനക്കാരനായ പോളിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചെറിയമല ജങ്ഷനിലായിരുന്നു സംഭവം. നെഞ്ചിന് ചവിട്ടേറ്റ പോളിന് ശ്വാസമെടുക്കാൻ പ്രയാസം നേരിട്ടിരുന്നു. ആന്തരിക അവയവങ്ങൾക്കും ഗുരുതര പരിക്കുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. എന്നാൽ അത്യാസന്ന നിലയിലായതിനാൽ കോഴിക്കോടേക്ക് മാറ്റേണ്ടി വന്നു. പക്ഷെ ഐസിയു ആംബുലൻസ് ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടെ ഉണ്ടായിരുന്ന ആംബുലൻസ് അപകടത്തിൽ പെട്ട് കട്ടപ്പുറത്തായതാണ് കാരണം.
പിന്നീട് 42 കിലോമീറ്റർ അകലെ ബത്തേരിയിൽ നിന്ന് ആംബുലൻസ് എത്തിക്കേണ്ടി വന്നു. രാവിലെ 9.40നാണ് പോളിനെ മാനന്തവാടി ആശുപത്രിയിലെത്തിച്ചത്. ഒരു മണിയോടെയാണ് പോളിനെ കോഴിക്കോടേക്ക് കൊണ്ടുപോയത്. പോളിനെ വേഗത്തിൽ കോഴിക്കോടേക്ക് എത്തിക്കാൻ ഹെലികോപ്റ്റർ ഒരുക്കിയിരുന്നു. ഒന്നേ പത്തോടെ മാനന്തവാടിയിലെത്തിയ കോപ്റ്ററിൽ പോളിനെ കിടത്തി കൊണ്ടുപോകാൻ സൗകര്യം ഇല്ലായിരുന്നു. വഴിമധ്യേ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷമാണ് പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചത്. അപ്പോഴേക്കും അവസാന തുടിപ്പും അവസാനിച്ചിരുന്നു.