കൽപ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച രാഹുൽ ഗാന്ധി എംപി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ലക്ഷ്മണന്റെ വീട് സന്ദർശിക്കാത്തത് ആദിവാസികളോടുള്ള അവഗണനയെന്ന് മുന്‍ എംഎല്‍എയും എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീനറുമായ സി കെ ശശീന്ദ്രൻ. എല്ലാകാര്യത്തിലും കത്തെഴുതുന്ന രാഹുൽ ഗാന്ധി ആദിവാസികളുടെ കാര്യത്തിൽ ഇടപെട്ടില്ലെന്നാണ് ആരോപണം.
എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി പൂർണ്ണ പരാജയമാണ്. എംപിക്ക് വയനാടിനോട് വലിയ അവഗണനയാണെന്നും ശശീന്ദ്രൻ പറഞ്ഞു. മണ്ഡല സന്ദർശനം മാനന്തവാടി എംഎൽഎയെ അറിയിച്ചില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഒരു യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തില്ല. ഇന്ത്യയിൽ ഒരു സ്വകാര്യ ബില്ല് പോലും അവതരിപ്പിക്കാത്ത എംപിയാണെന്നും ശശീന്ദ്രൻ വിമർശിച്ചു. രാത്രി യാത്ര നിരോധനം വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടില്ല. രാഹുൽ ഇടപെട്ടാൽ കർണാടക സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടാകും. അത് ചെയ്യുന്നില്ല. എംപി യുടെ സന്ദർശനം പാർട്ടി പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വന്യ ജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു. വിഷയം ഗൗരവമുള്ളതും അടിയന്തര ശ്രദ്ധയുണ്ടാവേണ്ടതുമാണ്. വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി മറ്റെല്ലാം മറന്ന് ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണിത്. ഈ ഘട്ടത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ് യുഡിഎഫെന്നും വസീഫ് ആരോപിച്ചു. കേന്ദ്ര വനാവകാശ നിയമം ഭേദഗതി ചെയ്തു വയനാട്ടുകാരെ സംരക്ഷിക്കുമെന്നും, രാത്രിയാത്രാ നിരോധനം പിന്‍വലിക്കാന്‍ ഇടപെടുമെന്നും പറഞ്ഞ് വോട്ട് വാങ്ങി ജയിച്ച രാഹുല്‍ ഗാന്ധി എംപി എന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണെന്ന് അവർ മറന്നുപോവുന്നുവെന്ന് വസീഫ് പറഞ്ഞു.