ടിപി കേസിലെ പ്രതിയായിരുന്ന പികെ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് കെഎം ഷാജി ഉയർത്തിയ ആരോപണങ്ങൾ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ ഏറ്റെടുത്തപ്പോൾ ലീഗിന്റെ നേതാക്കളാരും അത് കേട്ട ഭാവം നടിച്ചില്ല. ടിപി കേസിലെ വിധി കോൺഗ്രസ് ക്യാംപിൽ വലിയ ആഘോഷമായപ്പോൾ ലീഗ് കാര്യമായി പ്രതികരിച്ചില്ല. മൂന്നാം സീറ്റിന്റെ കാര്യത്തിൽ ലീഗിനെ കൂടുതൽ പിന്തുണച്ചത് സിപിഎം. ആകെ കൂടി സിപിഎമ്മുമായി ലീഗ് ഭായി ഭായി ആണെന്ന ചർച്ച പാർട്ടിയിൽ തന്നെ സജീവം.
പൊന്നാനിയിൽ ലീഗ് വിമതനെ സിപിഎം മൽസരിപ്പിക്കുന്നൂണ്ടെങ്കിലും മുൻപത്തെ ഇതേ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പോലെ ശക്തനല്ല അദ്ദേഹം. ലീഗ് പുറത്താക്കിയ ആളാണ്. വലിയ സ്വാധീന ശേഷിയുമില്ല. ലീഗിനെതിരെ കുറെക്കൂടി ശക്തനായ സ്ഥാനാർത്ഥിയെ സിപിഎം നിർത്തണമായിരുന്നു. വസീഫിനെ മലപ്പുറത്തിന് പകരം പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കിയാൽ മത്സരം കടുത്തേനെ എന്ന വിലയിരുത്തൽ സിപിഎമ്മിലുണ്ട്.
സിപിഎമ്മുകാർ കൊല ചെയ്ത ലീഗുകാരുടെ രക്തസാക്ഷി ദിനങ്ങൾ ഇപ്പോൾ ലീഗ് ആചരിക്കുന്നില്ലെന്ന ആരോപണവും പാർട്ടിയിൽ തർക്ക വിഷയമാണ്. കോൺഗ്രസാകട്ടെ ഷുഹൈബ് വധവും പെരിയ കൃപേഷ് -ശരത് ഇരട്ടക്കൊലയുമടക്കം ഓരോ വർഷവും വലിയ രീതിയിൽ ഓർമ്മദിനാചരണം നടത്തുന്നു. അണികളിൽ സിപിഎം വിരുദ്ധ വികാരം ഉണ്ടാക്കാൻ രാപ്പകൽ കഷ്ടപ്പെടുന്നു. മാസപ്പടി വഷയടമക്കം സിപിഎമ്മിന് തലവേദനയായ വിഷയങ്ങളിൽ ലീഗ് നേതാക്കൾ കാര്യമായി പ്രതികരിക്കുന്നില്ല. കെഎം ഷാജി മാത്രമാണ് ഇതിന് അപവാദം. അദ്ദേഹം പൊതുവേദികളിൽ മാസപ്പടി ആയുധമാക്കുമ്പോൾ ലീഗ് നേതാക്കൾക്ക് സർക്കാരനെതിരെ കാര്യമായി ഒന്നും പറയാനില്ല.
നേരത്തെ സിപിഎമ്മിനെതിരെ വിഷയങ്ങൾ കണ്ടെത്തി ആഞ്ഞടിച്ചിരുന്ന പികെ ഫിറോസ് ഇപ്പോൾ ഏറെക്കുറെ നിശ്ശബ്ദനാണ്. ബിനീഷ് കൊടിയേരി കേസിലടക്കം പ്രധാന വിവരങ്ങൾ പുറത്ത് വിട്ടത് ഫിറോസായിരുന്നു. സിപിഎമ്മിന്റെ പല സെമിനാറുകളിലേക്കും ക്ഷണിച്ചപ്പോൾ നിരാസമുണ്ടായത് വൈകി മാത്രം. സിപിഎമ്മാകട്ടെ ലിഗീന് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന് പരിതപിക്കുന്നു. മതേതര പാർട്ടി എന്ന് ഇടക്കിടെ സർട്ടിഫിക്കേറ്റ് നൽകുന്നു.
സിപിഎം വിരുദ്ധത ഇല്ലാതെ തന്നെ മലപ്പുറത്ത് വോട്ടുകൾ നേടാനായേക്കും എന്നാണ് നേതാക്കളുടെ വിലയിരുത്തലെങ്കിലും പൊതുവെ യുഡിഎഫിന്റെ പല നീക്കങ്ങളെയും ലീഗ് വെട്ടിലാക്കുന്നുണ്ട്. സിപിഎമ്മിനെതിരെ ആഞ്ഞടിക്കാൻ ലീഗ് തയ്യാറാകാത്തതിനാൽ തെരഞ്ഞെടുപ്പിന് മുന്പുള്ള യാത്ര പോലും ലീഗിനെ മാറ്റി നിർത്തിയാണ് നടത്തുന്നത്. മൊത്തത്തിൽ മനസ്സവിടെയും ശരീരം ഇവിടെയും എന്ന അവസ്ഥയിലാണ് ലീഗ്. ലീഗ് പിണങ്ങിപ്പോയാൽ രാഷ്ട്രീയഭാവി അപകടത്തിലാകുമെന്ന് ഭയന്ന് കോൺഗ്രസ് നേതൃത്വം ഒന്നും മിണ്ടുന്നില്ല…