തിരുവനന്തപുരം: അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടതോടെ ലോകായുക്ത സംവിധാനത്തെ നോക്കുകുത്തിയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അണ്ണൻ തമ്പി ബന്ധം ഇതിലും ഉണ്ടായെന്ന് വ്യക്തമാണ്. ഇത് അവിശുദ്ധ കൂട്ടുകെട്ടാണ്.
ആർക്കും ഏത് രീതിയിലുള്ള അഴിമതിയും നടത്താം. ചോദ്യം ചെയ്യാൻ സംവിധാനങ്ങൾ ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിലും സതീശൻ പ്രതികരിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നത്. കേട്ടുകേൾവി ഇല്ലാത്ത രീതിയാണിത്. എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കാൻ സർക്കാരിന്റെയും പൊലീസിന്റെയും നീക്കം നടക്കുകയാണ്.
കേരളം കണ്ട ഏറ്റവും വലിയ ക്രിമിനൽ സംഘമായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സന്തുലിതാവസ്ഥ പാലിച്ചായിരിക്കും സ്ഥാനാർത്ഥിനിർണയമെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ മൂന്നാം തീയതിയോടെ അന്തിമ പട്ടികയായേക്കുമെന്നും വ്യക്തമാക്കി.