കോട്ടയം: ബിജെപി തന്നെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാത്തതിൽ ക്രൈസ്തവ സംഘടനകൾക്ക് നിരാശയുണ്ടെന്ന് പി സി ജോർജ്. ആ നിരാശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം. തനിക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ വെള്ളാപ്പള്ളി നടേശൻ തടസം നിന്നു. അയാളാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. എല്ലാ പാർടിയുടെയും സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് വെള്ളാപ്പള്ളിയാണ്. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പ്രതിഫലം ദൈവം കൊടുക്കുമെന്നും പി സി ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ താൻ സ്ഥാനാർഥിയാകുമെന്ന് പ്രവർത്തകർ ആഗ്രഹിച്ചിരുന്നു. പാർട്ടിയിൽ ജൂനിയറാണ് താൻ. സ്ഥാനാർത്ഥിത്വം ആരോടും ചോദിച്ചില്ല. ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. വിവരദോഷിയാണെങ്കിലും എസ്എൻഡിപിയെ ശാക്തീകരിച്ചത് വെള്ളാപ്പള്ളിയാണ്. അതുകൊണ്ട് വെള്ളാപ്പള്ളിയോട് ക്ഷമിക്കുന്നു. തുഷാർ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് പരാതി പറഞ്ഞാൽ പോകാൻ പറയും. അച്ഛൻ വെള്ളാപ്പള്ളി സി പി ഐഎമ്മും മകൻ ബി ജെ പി യുമാണ്. ഇരുവരുടേയും കച്ചവടതന്ത്രമാണത് എന്നും പി സി ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ പി സി ജോർജ് സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ഇതിനെ എതിർത്തെന്നും കെ സുരേന്ദ്രന്റെ ഇടപെടലിനെത്തുടർന്ന് അനിൽ ആന്റണിയെ പാർട്ടി തിരഞ്ഞെടുത്തെന്നുമാണ് വിവരം. ഇന്നലെയാണ് അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വം പാർട്ടി പ്രഖ്യാപിച്ചത്. ബിഡിജെഎസ് പി സി ജോർജിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ ദേശീയനേതാക്കളെ സ്വാധീനിച്ച് ചരടുവലി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കുന്നതിലുള്ള അതൃപ്തി ജോർജ് ഇന്നലെത്തന്നെ പരസ്യമാക്കിയിരുന്നു. പത്തനംതിട്ടയ്ക്ക് അനിൽ ആന്റണിയെ അറിയില്ലെന്നായിരുന്നു ജോർജിന്റെ പ്രഖ്യാപനം.
അനില്‍ ആന്റണിയെ പത്തനംതിട്ട അറിയില്ല. ഓട്ടം കൂടുതല്‍ വേണ്ടി വരും. സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഓടുന്നതില്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനില്‍ ആന്റണിയെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം.’ എന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. ഇതിനെ തള്ളി ബിജെപി നേതാവ് എം ടി രമേശ് ഇന്ന് രംഗത്തെത്തിയിരുന്നു. കേരളം അറിയുന്ന യുവനേതാവാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട്ടെ സ്ഥാനാർത്ഥിയുമായ എം ടി രമേശ് പറഞ്ഞത്. അനിൽ ആൻ്റണി എണ്ണം പറഞ്ഞ സ്ഥാനാർത്ഥികളിലൊരാളാണ്. എല്ലാ വിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാൻ കഴിയുന്ന വ്യക്തിയാണ്. പത്തനംതിട്ടയിൽ അനിൽ ആൻ്റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.