ദില്ലി: വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികൾ കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച്. ഇത്തരം സംഭവങ്ങളിൽ ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998 ലെ വിധിയോട് ഭരണഘടനാ ബെഞ്ച് വിയോജിച്ചു. ഈ വിധി റദ്ദാക്കപ്പെട്ടു.
വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന എംപിമാർക്കോ എംഎൽഎമാർക്കോ പ്രത്യേക പരിരക്ഷ ലഭിക്കില്ല. ഇവര്‍ വിചാരണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും പാർലമെന്റ് – നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും വിധിയിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.