കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലെ മാറ്റത്തിൽ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പലരും ചാടിയതോടെ കോൺഗ്രസ് ആകെ കൺഫ്യൂഷനിലെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇന്നോ നാളെയോ മാറ്റാരെങ്കിലും ബിജെപിയിലേക്ക് ചാടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ബോർഡുകളും ചുവരെഴുത്തുമെല്ലാം നീക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസെന്ന് ജയരാജൻ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസിൽ തീരുമാനമായിരുന്നു. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം. ഇതിന് പിന്നാലെയാണ് പരിഹാസവുമായി എൽഡിഎഫ് കൺവീനർ രംഗത്തെത്തിയത്.
അതേസമയം കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതായും എ.ഐ.സി.സി.യുടെ അംഗീകാരം ലഭിച്ചാൽ ഇന്ന് പ്രഖ്യാപിക്കും. വ്യാഴാഴ്ച രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനൽകിയത്. ബിജെപിയുടെ താര സ്ഥാനാർഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ ഏറ്റവും കരുത്തുറ്റ സ്ഥാനാർഥിയെന്ന നിലയിലാണ് കെ.മുരളീധരനെ രംഗത്തിറക്കാനുള്ള തീരുമാനം.