പത്മജ വേണുഗോപാലിൻ്റെ പാർട്ടി മാറ്റത്തിൽ തനിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ആരോപണം നിഷേധിച്ച് മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ. ആരോപണങ്ങൾ തെറ്റാണെന്ന് ബെഹ്റ പറഞ്ഞു. കൊച്ചിയിലുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് പത്മജയുടെ ബിജെപി പ്രവേശനത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നായിരുന്നു വി.ഡി സതീശൻ്റെ ആരോപണം.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തനിക്ക് ഇക്കാര്യത്തിൽ പങ്കില്ല. കൂടുതൽ ഒന്നും പറയാനില്ലെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തിലെ ഇടനിലക്കാരൻ കേരളത്തിൽ സർക്കാർ സ്ഥാപനത്തിന്‍റെ പദവിയിൽ ഇരിക്കുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു വി.ഡി സതീശൻ്റെ ആരോപണം. പിണറായി വിജയന് വേണ്ടിയാണ് പത്മജയെ ബിജെപിയിൽ എത്തിച്ചത്. കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നതിൽ ഏറ്റവും സന്തോഷം സിപിഐഎം നേതാക്കൾക്കാണെന്നും അദ്ദേഹം വിമർശിച്ചു.
സിപിഐഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയുണ്ട്. കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നുമാണ് എൽഡിഎഫ് കൺവീനർ പറഞ്ഞത്. സിപിഎം മൂന്നാം സ്ഥാനത്ത് വരുമെന്നാണ് ജയരാജന്‍റെ പ്രസ്താവന കൊണ്ട് അർഥമാക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് ഇല്ലാത്ത സ്ഥാനം സിപിഐഎം ഉണ്ടാക്കി കൊടുക്കുകയാണെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.