Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'പ്രതികൾ ഒരു വിഭാ​ഗക്കാരെന്ന' പരാമർശം; 'ഖേദം പ്രകടിപ്പിക്കണം' ഇകെ വിഭാഗം സമസ്ത നേതാവ്

‘പ്രതികൾ ഒരു വിഭാ​ഗക്കാരെന്ന’ പരാമർശം; ‘ഖേദം പ്രകടിപ്പിക്കണം’ ഇകെ വിഭാഗം സമസ്ത നേതാവ്

കോഴിക്കോട്: ഈരാറ്റുപേട്ട വിഷയം സംബന്ധിച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് ഇകെ വിഭാഗം സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടും ഖേദം പ്രകടിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പൂക്കോട്ടൂർ പറഞ്ഞു. കുറ്റവാളികളെ മതം തിരിച്ച് ആക്ഷേപിച്ച സമീപനം മതേതര സ്വഭാവത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണ്. ഉത്തരേന്ത്യയിലെ ചില നേതാക്കള്‍ പ്രകടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്നും സമദ് പൂക്കോട്ടൂര്‍ മലപ്പുറത്ത് പറഞ്ഞു.

ക്രൈസ്തവ സമൂഹത്തിൽ പെട്ടവരും ഈ സംഘർഷത്തിൽ എല്ലാ വിഭാ​ഗക്കാരുമുണ്ടെന്ന് പറഞ്ഞു. എന്നിട്ടും ആ പരാമർശം നടത്തിയതിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കാത്ത് അം​ഗീകരിക്കാൻ കഴിയില്ല. അത് പ്രതിഷേധാർഹമാണ്. കേരളത്തിൽ തന്നെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ ഒരാൾ ഇങ്ങനെ പറയുമ്പോൾ ഉത്തരേന്ത്യയിലെ നേതാക്കൾ പ്രകടിപ്പിക്കുന്ന രീതിയിലുള്ള പരാമർശമായിപ്പോയെന്ന് പറയുന്നത് തെറ്റല്ലെന്ന് അബ്ദു സ്സമദ് പൂക്കോട്ടൂർ പറഞ്ഞു. 

അതേസമയം, സംസ്ഥാനത്തെ ഇകെ, എപി, മുജാഹിദ് പ്രസ്ഥാനങ്ങളെല്ലാം മുഖ്യമന്ത്രിക്കെതിരെ രം​ഗത്തെത്തിയിട്ടുണ്ട്. ഇവരുടെ മുഖപത്രങ്ങളുൾപ്പെടെ വലിയ രീതിയിൽ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം പോലെയുള്ള ഇടങ്ങളിൽ ലീ​ഗ് ഉൾപ്പെടെയുള്ള കക്ഷികൾ ഇത് വലിയ രീതിയിൽ ചർച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പിന്നീടൊന്നും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഒരു വർ​ഗ്ഗീയ സ്വഭാവമുള്ള പരാമർശമാണ് എന്ന രീതിയിൽ തന്നെയാണ് മുസ്ലിം സംഘടനകൾ ഇതിനെ നോക്കിക്കാണുന്നത്. ഇത് രാഷ്ട്രീയ ലക്ഷ്യമാക്കുന്നതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പൂക്കോട്ടൂരിന്റേയും വിമർശനം ഉണ്ടായിട്ടുള്ളത്. 

പൂഞ്ഞാറിൽ വൈദികനു നേരെ ഉണ്ടായ ആക്രമണമാണ് തെമ്മാടിത്തരമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. വൈദികനു നേരെ വണ്ടികയറ്റിയതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒരു വിഭാഗക്കാരെ മാത്രം പൊലീസ് തിരഞ്ഞ് പിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രതികളുടെ പേരുകളോ മത പശ്ചാത്തലമോ വെളിപ്പെടുത്താതെ സംയമന അന്തരീക്ഷം സൃഷ്ടിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഒരു മതവിഭാഗത്തിൽപ്പെട്ടവർ മാത്രമാണ് പ്രതികളെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കടുപ്പിച്ചത്. 

ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെ കെഎൻഎം ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ ഉന്നയിച്ച ചോദ്യത്തോടുള്ള മറുപടി എന്ന നിലയിലാണ് പൂഞ്ഞാർ വിഷയം മുഖ്യമന്ത്രി പരാമർശിച്ചത്. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ വണ്ടിയിടിപ്പിച്ച കേസിൽ മുസ്ലിം വിഭാഗക്കാരെ മാത്രം തീരഞ്ഞുപിടിച്ച് പ്രതി ചേർത്തു എന്നായിരുന്നു മടവൂരിന്റെ പരാമർശം. എന്നാൽ പൂഞ്ഞാറിൽ നടന്നത് തെമ്മാടിത്തമാണെന്നും മുസ്ലിം വിഭാഗക്കാർ മാത്രമാണ് കേസിൽ ഉൾപ്പെട്ടതെന്നും മുഖ്യമന്ത്രി തുറന്നടിക്കുകയായിരുന്നു. 

ഫെബ്രുവരി 23നാണ് പൂഞ്ഞാർ സെൻമേരിസ് പള്ളിയിലെ സഹ വികാരി ഫാദർ ജോസഫ് ആറ്റുച്ചാലിനെ ഈരാറ്റുപേട്ടയിൽ നിന്ന് എത്തിയ ഒരു കൂട്ടം യുവാക്കൾ പള്ളി മുറ്റത്ത് വച്ച് വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ പ്രായ പൂത്തിയാകാത്തവരടക്കം പ്ലസ് ടു വിദ്യാർത്ഥികളായ 27 പേരെ വധശ്രമ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രശ്നം മതപരമായ സ്പർധയിലേക്ക് നീങ്ങാതിരിക്കാൻ കേസിൽ അറസ്റ്റിലായവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. റീൽസ് എടുക്കാൻ വേണ്ടി പള്ളി മുറ്റത്ത് എത്തിയ കുട്ടികളും വൈദികനും തമ്മിലുണ്ടായ തർക്കം മതപരമായി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന വിമർശനവും ഉയർന്നിരുന്നു.  

മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന സർവകക്ഷി സമാധാനയോഗം ഇരു വിഭാഗവുമായും ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. പ്രതികളായ മുഴുവൻ വിദ്യാർത്ഥികൾക്കും ജാമ്യവും കിട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രമാണ് പ്രതികളെന്ന് വ്യക്തമാക്കിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന. വിഷയത്തിൽ ക്രൈസ്തവ വിഭാഗത്തിൽ നില നിൽക്കുന്ന ആശങ്കയെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ന വിലയിരുത്തലുകളും ഉയർന്നിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments