കൊല്ലം: രാജ്യത്ത് പൗരത്വ നിയമഭേദഗതി നടപ്പിലായതോടെ വീണ്ടും ചർച്ചകളിൽ നിറഞ്ഞ് കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോം. കോൺസൺട്രേഷൻ ക്യാംപെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞ കേന്ദ്രം നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാനുള്ള കേന്ദ്രമായാണ് ഒന്നേകാൽ വർഷത്തിലധികമായി പ്രവർത്തിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രവർത്തനമെന്നാണ് സർക്കാർ വിശദീകരണം.
സിഎഎ വന്നതിന് ശേഷം കേരളത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെയും മറ്റും പിടിച്ചിടാനുള്ള ക്യംപാണ് കൊല്ലത്ത് തുടങ്ങിയിട്ടുള്ളതെന്ന് കെ സുരേന്ദ്രൻ പറയുന്നു. പിണറായി വിജയൻ കൊല്ലത്ത് പ്രത്യേക ജയിൽ നിർമ്മിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറയുന്നു.
കൊട്ടിയത്ത് നിന്ന് മയ്യനാട്ടേക്കുള്ള റോഡിൽ വാടകക്കെട്ടിടത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. 2022 നവംബർ അവസാനമായിരുന്നു ഉദ്ഘാടനം. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ മോചിതരാകുന്ന വിദേശികൾ, പരോളിലുള്ള വിദേശികൾ, വിസ, പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും രാജ്യത്ത് തങ്ങുന്നന്നവർ എന്നിവരാണ് താമസക്കാർ. നൈജീരിയൻ പൗരൻ ഉൾപ്പെടയുള്ളവരുണ്ട് ഇവിടെ താമസക്കാരായി. ഹോം മാനേജര്‍, സെക്യൂരിറ്റി ചീഫ്, മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമുണ്ട്.
തൃശ്ശൂരിൽ ആഭ്യന്തര വകുപ്പ് തുടങ്ങിയ കേന്ദ്രം പൂട്ടിയതോടെയാണ് പ്രവർത്തനം കൊട്ടിയത്തേക്ക് മാറ്റിയത്. നൈജീരിയന്‍ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ട്രാന്‍സിറ്റ് ഹോം ആരംഭിക്കാന്‍ ഉത്തരവിട്ടത്. എന്നാൽ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യം തുറന്ന കോൺസൻട്രേഷൻ ക്യാംപെന്ന നിലയിലാണ് ബിജെപി പ്രചാരണം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 60 കിലോമീറ്റർ ദൂരമാണ് ഈ ക്യാംപിലേക്കുള്ളത്. അതേസമയം, ഈ കെട്ടിടം പ്രവർത്തിപ്പിക്കാൻ വാടകക്കെട്ടിടം എന്തിനാണ് തെരഞ്ഞെടുത്തതെന്ന ചോദ്യമാണ് ഉയരുന്നത്.