Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedപുൽവാമ ആക്രമണം പാക്കിസ്ഥാന്റെ ഭീകരാക്രമണം തന്നെ, ആന്റോ ആന്റണിയുടെ പ്രസ്താവന കടന്ന കൈ: തോമസ് ഐസക്

പുൽവാമ ആക്രമണം പാക്കിസ്ഥാന്റെ ഭീകരാക്രമണം തന്നെ, ആന്റോ ആന്റണിയുടെ പ്രസ്താവന കടന്ന കൈ: തോമസ് ഐസക്

പത്തനംതിട്ട: പുൽവാമ ആക്രമണം പാകിസ്ഥാന്റെ ഭീകരവാദ ആക്രമണം തന്നെയെന്ന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.തോമസ് ഐസക്. ആന്റോ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് എന്ത് പങ്കെന്നു ആന്റോ ചോദിച്ചത് കടന്ന കൈയാണ്. പുൽവാമ സംഭവം കേന്ദ്രസര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തെന്നാണ് ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാൽ മാലിക് പറഞ്ഞത്. അതിന് ബിജെപി മറുപടി പറയണം. കോൺഗ്രസ് ദേശീയ രാഷ്ട്രീയം പറഞ്ഞാൽ അവരുടെ ഇരട്ടത്താപ്പ് പുറത്താകും. സിഎഎ, എൻഐഎ ബില്ലുകളിൽ പാര്‍ലമെന്റിൽ കോൺഗ്രസ് അംഗങ്ങൾ എതിർത്തു വോട്ട് ചെയ്തിട്ടില്ല. ഇതേക്കുറിച്ചൊന്നും പത്തനംതിട്ടയിൽ കൂടുതൽ പറയാതെ ഇരിക്കുകയാവും കോൺഗ്രസിന് നല്ലതെന്നും തോമസ് ഐസക് പറഞ്ഞു.

ആക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പാകിസ്ഥാന് എന്ത് പങ്ക് എന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചതാണെന്നും ഇന്ന് ആന്റോ ആന്റണി പ്രതികരിച്ചിരുന്നു. തന്റെ ചോദ്യം പിന്നീട് ഓരോ താത്പര്യക്കാര്‍ വ്യാഖ്യാനിക്കുകയായിരുന്നു. സത്യപാൽ മാലിക് പറഞ്ഞ കാര്യങ്ങളാണ് താൻ ആവർത്തിച്ചതെന്നും. കേസെടുക്കുന്നെങ്കിൽ ആദ്യം സത്യപാൽ മാലികിനെതിരെയാണ് കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തിൽ സമരം ചെയ്‌ത സൈനികരുടെ വിധവകൾക്ക് എതിരെയും കേസ് എടുക്കുമോയെന്ന് ചോദിച്ച അദ്ദേഹം പുൽവാമ സംഭവം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിച്ചുവെന്നും വിമര്‍ശിച്ചിരുന്നു.

എന്നാൽ പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചുവെന്നും രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നുമായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കിയ കാര്യമാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപി മാറ്റി പറയുന്നത്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യം ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണ് ആന്റോയുടേതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.

പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് എന്ത് പങ്കെന്നായിരുന്നു വാര്‍ത്താസമ്മേളനത്തിൽ എംപി ചോദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അറിയാതെ പുൽവാമയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ല. മുൻ കശ്മീര്‍ ഗവർണർ സത്യപാൽ മാലിക് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യൻ അതിര്‍ത്തിക്കുള്ളിൽ നടന്ന സ്ഫോടനമാണ് പുൽവാമയിലേത്. ജവാന്മാരുടെ ജീവൻ കേന്ദ്രം ബലി കൊടുത്തു. തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി എന്തും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് പുൽവാമ ആക്രമണമെന്നും ആന്റോ ആന്റണി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments