തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജനെ തള്ളി ടി ജി നന്ദകുമാര്‍. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ല, പത്മജയെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള ഇ പി ജയരാജന്റെ വാദങ്ങള്‍ തള്ളിയാണ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയത്. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലായിരിക്കും എന്നാല്‍ ടി ജി നന്ദകുമാറിനെ ഇ പി ജയരാജന് അറിയാം. പത്മജയെ സിപിഐഎമ്മിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.
ഇപി ജയരാജന്‍ പറഞ്ഞിട്ട് പത്മജ വേണുഗോപാലിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടന്നുവെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ നേരത്തെ ഇ പി ജയരാജന്‍ തള്ളിയിരുന്നു. പത്മജയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. ക്ഷണിച്ചിരുന്നെങ്കില്‍ അവര്‍ എല്‍ഡിഎഫിലേക്ക് വരില്ലേയെന്നും ഇപി ചോദിച്ചു. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലെന്നുമാണ് ഇ പി പറഞ്ഞത്. ഇതിനെതിരെയാണ് ടി ജി നന്ദകുമാര്‍ രംഗത്തുവന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്നതുകൊണ്ടാണ് ഇ പി ജയരാജന്‍ നിഷേധിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായ ദീപ്തി മേരി വര്‍ഗീസ് യുഡിഎഫ് നീക്കങ്ങള്‍ ചോര്‍ത്തിയെന്നും ടി ജി നന്ദകുമാര്‍ ആരോപിച്ചു. ദീപ്തി മേരി വര്‍ഗീസ് ഇപി ജയരാജനെ വന്നുകാണുകയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രധാന ചുമതല ദീപ്തി മേരി വര്‍ഗീസിനായിരുന്നു. കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ അറിയാനാണ് ദീപ്തിയെ ബന്ധപ്പെട്ടത്. യുഡിഎഫ് നീക്കങ്ങള്‍ അവര്‍ ചോര്‍ത്തി നല്‍കി. യുഡിഎഫ് ക്യാമ്പിലെ വിവരങ്ങള്‍ കൃത്യമായി കൈമാറിയെന്നും നന്ദകുമാര്‍ ആരോപിച്ചു. ദീപ്തി വോട്ട് മറിച്ചെന്ന ആരോപണം ആവര്‍ത്തിച്ച ടി ജി നന്ദകുമാര്‍ ദീപ്തിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ഒരേ വേദിയില്‍ നിഷേധിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും നന്ദകുമാര്‍ പറഞ്ഞു.
ദീപ്തി മേരി വര്‍ഗീസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും സിപിഐഎമ്മിലേക്ക് മാറുന്ന കാര്യം ചര്‍ച്ച ചെയ്‌തെന്നുമാണ് നേരത്തെ ടി ജി നന്ദകുമാര്‍ ആരോപിച്ചത്. ഇപിയുടെ വിശ്വാസം നേടുന്നതിനായി ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിനെതിരെ വോട്ട് ചെയ്ത് വിവിപാറ്റ് സ്ലിപ്പിന്റെ ദൃശ്യം തനിക്ക് മൊബൈലില്‍ അയച്ചുതന്നെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. നന്ദകുമാറിന്റെ ആരോപണം തള്ളി ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് നേതൃത്വത്തിന് അറിയാമെന്നും നേതൃത്വത്തിന് തന്നെ വിശ്വാസമുണ്ടെന്നുമായിരുന്നു ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചത്.