തിരുവനന്തപുരം: ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്നും സംസ്ഥാനത്ത് സിപിഎം – ബിജെപി കൂട്ട് കെട്ടാണെന്നും വീണ്ടും ആരോപിച്ച് കോൺഗ്രസ്. ആരോപണം തെറ്റാണെങ്കിൽ കേസെടുക്കാൻ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. സതീശൻ തെളിവ് പുറത്ത് വിട്ടാൽ ഇ പി പ്രതികരിക്കുമെന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. പരസ്പരം ഒരിക്കലും കണ്ടിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരും ഇന്നലെ വിശദീകരിച്ചിരുന്നു.
എന്നാൽ ബിസിനസ് ബന്ധമെന്ന ആരോപണം വിടാൻ കോൺഗ്രസ് ഒരുക്കമല്ല. ബിസിനസ് ബന്ധം സിപിഎം – ബിജെപി ബന്ധമായി മാറിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ തുടർച്ചയായ ആക്ഷേപം. ഇതിനിടെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന വിവാദ പരാമർശം ഇപി ഇന്നലെ തിരുത്തിയിരുന്നു. പക്ഷേ അതും വിടാതെ തന്നെ കോൺഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥികൾക്കുള്ള ഇപിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ഡീലിൻറെ ഭാഗമെന്ന പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
ബിജെപിയുടെ ശക്തരായ എതിരാളി തങ്ങളെന്നാണ് എൽഡിഎഫ് ആവർത്തിക്കുന്നത്. സിഎഎയും ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബിജെപി വാചകവും ആയുധമാക്കുമ്പോഴാണ് ഇപിയുടെ പരാമർശവും ബിസിനസ് ബന്ധ ആക്ഷേപവും കോൺഗ്രസ് തിരിച്ചടിക്കുപയോഗിക്കുന്നത്.
പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നും ബിജെപിയുടെ പല സ്ഥാനാര്‍ത്ഥികളും മികച്ചതാണെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. കെ സുരേന്ദ്രനോ ബിജെപിക്കാരോ പറയാത്തതാണ് ജയരാജന്‍ പറഞ്ഞത്. കേന്ദ്രത്തിലെ ബിജെപിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ഈ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.