തിരുവനന്തപുരം:എസ് ഡിപിഐ യുടെ പിന്തുണ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും സിപിഎമ്മും. എസ് ഡിപിഐ എന്നാൽ നിരോധിക്കപ്പെട്ട പി എഫ്ഐ ആണെന്നും നാടിനെ ആപത്തിലാക്കുന്ന തീരുമാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എസ്ഡിപിഐ പ്രതിലോമ സംഘടനയാണെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി.എസ് ഡി പിഐയുടെ പിന്തുണ പ്രഖ്യാപനം യുഡിഎഫിനെ വെട്ടിലാക്കിയതിന് പിന്നാലെ എതിരാളികൾ അത് ആയുധമാക്കി ആക്രമണം തുടങ്ങി.
എസ്ഡിപിഐ ബന്ധത്തെ കടന്നാക്രമിക്കാതെയാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയും സിപിഎം പിബി അംഗവുമായ എ വിജയരാഘവന്റെ പ്രതികരണം.വിമർശനം കടുക്കുമ്പോൾ
എസ് ഡി പിഐ പിന്തുണ തള്ളിപ്പറയാനുള്ള ധൈര്യം കോൺഗ്രസ് കാണിക്കുന്നില്ല. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും വോട്ട് ചെയ്യുന്നത് വ്യക്തികളാണെന്ന ന്യായമാണ് വിഡി സതീശൻ നിരത്തുന്നത്.
2019ന് സമാനമായ തരംഗം കേരളത്തിൽ ഇല്ലെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ . ഈ സാഹചര്യത്തിൽ പൊന്നാനിയും കണ്ണൂരും പാലക്കാടും അടക്കം പല മണ്ഡലങ്ങളിലും എസ് പിഐ വോട്ടുകൾ നിർണ്ണായകമാകും. പൊന്നാനിയിയിൽ എസ്ഡിപിഐക്ക് 18000ത്തിലധികം വോട്ടുകളുണ്ട്. കണ്ണൂരിൽ 8000ത്തോളം വോട്ടുകളും. എസ്ഡിപി ഐ വോട്ടുകൾ സംസ്ഥാന ഘടകം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ ബിജെപി ഇത് പ്രചാരണായുധമാക്കും. ചെകുത്താനും കടലിനും നടുവിലാണ് കോൺഗ്രസ്. ആ ആശയക്കുഴപ്പം നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്.