തിരുവനന്തപുരം: എസ്ഡിപിഐയുമായി ചേരുന്നതിൽ കോൺഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വയനാട്ടിൽ ജയിക്കുന്നത് ലീഗ് വോട്ട് കൊണ്ടാണ്. ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശ് കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം.
യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ എസ്ഡിപിഐ തീരുമാനിച്ചു. എസ്ഡിപിഐയുമായി ചേരുന്നതിൽ കോൺഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ല. ഈ തെരഞ്ഞെടുപ്പിൽ സഹായിച്ചാൽ അടുത്ത തദ്ദേശ തെരഞ്ഞെടിപ്പിൽ സഹായിക്കാമെന്നാണ് എസ്ഡിപിഐ-യുഡിഎഫ് ധാരണയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇടതു പക്ഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബിജെപി അന്തർധാരയുണ്ട്. വയനാട്ടിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല. ലീഗിൻ്റെ വോട്ട് കൊണ്ടാണ് കോൺഗ്രസ് ജയിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ യുഡിഎഫിൻ്റെ എംപിമാർക്ക് കഴിഞ്ഞിട്ടില്ല. എല്ലാവികസന പ്രവർത്തനങ്ങൾക്കും പ്രതിപക്ഷ നേതാവ് പാരവെക്കുകയാണ്. മുഖ്യമന്ത്രി എവിടെ പോയാലും പൗരത്വ ഭേദഗതിയെ കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നുവെന്നാണ് സതീശൻ പറയുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങളിത് പറയും. ഇവിടെ നിയമം നടപ്പിലാക്കില്ല. വർഗീയ വാദികൾക്ക് വിശ്വാസമില്ല. അവർ ഇന്ത്യൻ പ്രധാനമന്ത്രി കാട്ടുംപോലുള്ള കോപ്രായങ്ങൾ കാണിക്കുകയാണ്. അധികാരത്തിലെത്താൻ എന്തും ചെയ്യുന്ന ഒരു ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. അതിൻ്റെ ഭാഗമാണ് കെജ്‌രിവാളിൻ്റെ അറസ്റ്റും. ഇലക്ടറൽ ബോണ്ടിൻ്റെ ഭാഗമായി ബിജെപി വാങ്ങിയ ഫണ്ട് ആവശ്യം പോലെ ഉണ്ടെന്നും അതുപയോഗിച്ച് എല്ലാവരെയും വിലയ്ക്ക് വാങ്ങുകയാണെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.