പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ മന്ത്രിയും എല്‍ഡിഎഫ് പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഡോ. ടി എം തോമസ് ഐസക്. കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേൾക്കുമ്പോൾ സതീശന് ആനന്ദമാണെന്ന് തോമസ് ഐസക് പറഞ്ഞു. കേരളം ദ്രോഹിക്കപ്പെടുമ്പോൾ ഒരുതരം ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്. അത്രയും പക അദ്ദേഹത്തിന് കേരളീയരോട് തോന്നാൻ എന്താണ് കാരണമെന്നും തോമസ് ഐസക് ചോദിച്ചു.
സംസ്ഥാനങ്ങളുടെ വായ്പാപരിധി സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. അന്തിമതീർപ്പിന് കേസ് ഭരണഘടനാബെഞ്ചിന് വിട്ടിരിക്കുകയാണ്. ആ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ആഹ്ളാദിക്കുകയാണ് പ്രതിപക്ഷ നേതാവും കൂട്ടരും. കേരളം മുന്നോട്ടുവെച്ച ഫെഡറൽ ധന അവകാശങ്ങൾ സുപ്രിംകോടതി തള്ളി എന്ന അനുമാനത്തിലാണ് ആഹ്ളാദം അണപൊട്ടുന്നത്. എന്തൊരു മാനസികാവസ്ഥയാണിതെന്നും ഐസക് ചോദിക്കുന്നു.
കേസിൽ കേരളം എങ്ങനെയാണ് തോറ്റു എന്ന നിഗമനത്തിലെത്താനാവുക? കേരളം ഉന്നയിച്ച വിഷയത്തിൽ ഭരണഘടനാപരമായ തീർപ്പാണ് വേണ്ടത് എന്നാണ് സുപ്രിംകോടതി വിധി. വിഷയം ഗൗരവമുള്ളതാണ് എന്നല്ലേ അതിൻ്റെ അർത്ഥം? അല്ലെങ്കിൽ കേസ് തള്ളുമായിരുന്നല്ലോ. കേന്ദ്രം പറയുന്നതാണ് ശരിയെങ്കിൽ, കേരളത്തിന്റെ ഹർജി തള്ളി കേന്ദ്രത്തിന് അനുകൂലമായി വിധി പറഞ്ഞാൽപ്പോരായിരുന്നോ? അതല്ലല്ലോ സംഭവിച്ചത്? പിന്നെന്തിനാണ് കേരളം തോറ്റേ എന്നാർത്തുവിളിച്ച് സതീശനും കൂട്ടരും തുള്ളിച്ചാടുന്നത്?
കേരളത്തിന് അർഹമായ 13608 കോടി രൂപ തടഞ്ഞുവെച്ച മോദി സർക്കാരിൻ്റെ മുഷ്കിനോട് സുപ്രിംകോടതി എടുത്ത സമീപനം എന്തായിരുന്നു? കേരളം ഈ ആവശ്യം ഉന്നയിച്ചപ്പോഴൊക്കെ പരിഹാസവും അപഹാസവുമായിരുന്നു കേന്ദ്രത്തിൻ്റെ സമീപനം. അതിനു കൈയടിക്കുകയായിരുന്നു സതീശനും സംഘവും. കേരളം സുപ്രിംകോടതിയെ സമീപിച്ചതോടെ കേന്ദ്രത്തിന് നിലപാട് മാറ്റേണ്ടി വന്നു. ചോദിച്ചത് സംസ്ഥാനത്തിൻ്റെ അവകാശമാണ് അവർക്ക് അംഗീകരിക്കേണ്ടി വന്നു. എന്നിട്ടും മുഷ്കിന് കുറവൊന്നുമുണ്ടായില്ല. പിടിച്ചത് മൂന്നു കൊമ്പുള്ള മുയലു തന്നെയെന്ന മുട്ടാപ്പോക്കിൽത്തന്നെയായിരുന്നു നിൽപ്പ്. അവസാന കൈയെന്ന നിലയിൽ എന്താണ് കേരളത്തോട് ആവശ്യപ്പെട്ടത്. പണം കൊടുക്കേണ്ടി വരും എന്ന ഘട്ടം വന്നപ്പോഴോ, കേസ് പിൻവലിച്ചിട്ടു വന്നലേ പണം തരൂ എന്നായി ‘ചെക്ക്’.
ആ സമീപനവും സുപ്രിംകോടതിയുടെ രൂക്ഷവിമർശനം ക്ഷണിച്ചു വരുത്തി. അനീതിയ്ക്കെതിരെ കോടതിയെ സമീപിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരിനെ സുപ്രിംകോടതി ഓർമ്മിപ്പിച്ചു. ഫെഡറൽ മൂല്യങ്ങളെ തരിമ്പും വകവെയ്ക്കാതെ കേന്ദ്രം കാണിച്ച മാടമ്പി മനോഭാവത്തെക്കുറിച്ചോ, അതിന് സുപ്രിംകോടതിയിൽ നിന്നേറ്റ പ്രഹരത്തെക്കുറിച്ചോ കമാ എന്നൊരക്ഷരം മിണ്ടാതെ ഏതോ മാളത്തിൽ ഒളിക്കുകയാണ് വി ഡി സതീശൻ ചെയ്തെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.