തിരുവനന്തപുരം: ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണത്തിന് മറുപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ലെന്നും കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും ഷിബു ബേബി ജോണിന് മറുപടിയായി യെച്ചൂരി പറഞ്ഞു. നിയമപരമായി സംഭാവന സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും യെച്ചൂരി ചോദിച്ചു. സിപിഎം സംഭാവന സ്വീകരിച്ചതെല്ലാം സുതാര്യമായിട്ടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന കിട്ടിയ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി വിശദമാക്കി.
ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന് കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഷിബു ബേബി ജോണിന്റെ ആരോപണം. വിവാദ ഫാർമ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്, നവയുഗ എഞ്ചിനിയറിംഗ് എന്നിവയിൽ നിന്നാണ് സിപിഎം പണം വാങ്ങിയതെന്നാണ് ഷിബു ആരോപിച്ചത്. ഇത് കൂടാതെ കിറ്റെക്സിൽ നിന്നും മുത്തൂറ്റിൽ നിന്നും പണം വാങ്ങി. യൂണിടെക്കും രണ്ടുതവണ പണം കൊടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഓഡിറ്റ് റിപ്പോർട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോൺ പുറത്തുവിട്ടത്. വിവാദ കമ്പനികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പറയുന്ന സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണെന്നും ഷിബു ആരോപിച്ചിരുന്നു.