പത്തനംതിട്ട : പാനൂരിലെ ബോംബ് സ്ഫോടനത്തിലും തൃശൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട ഇഡി നടപടികളിലുമടക്കം പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ ജീവിതത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കൾ കണ്ണൂര്‍ പാനൂരിൽ ബോംബ് സ്ഫോടനമുണ്ടായി മരിച്ച ഷെറിന്റെ വീട്ടിൽ പോയത്. മരണവീട്ടിൽ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്. വീട് സന്ദര്‍ശനത്തിൽ നേതാക്കൾക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട് സിപിഎം നേതാക്കൾ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റത്തോടും കുറ്റവാളികളോടും മൃതു സമീപനമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പാനൂരിലുണ്ടായ സ്ഫോടനം സാധാരണഗതിയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കേരളത്തിൽ ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ല. പാനൂര്‍ സംഭവത്തെ രഷ്ട്രീയമായി കാണേണ്ടതില്ല. കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ഇഡിയെ ഇറക്കി
തൃശൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയെ ഇറക്കിയത്. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയും അതിന്റെ ഭാഗമായാണ്. മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകും. ഇമ്മാതിരി കളി കൊണ്ടും നടക്കില്ലെന്നും പിണറായി തുറന്നടിച്ചു.
കിഫ്ബി ഒന്നും രഹസ്യമല്ല
എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് അനുകൂല സാഹചര്യമാണ് നിലവിലുളളത്. ഇത് കോൺഗ്രസസിനും ബിജെപിക്കും അങ്കലാപ്പുണ്ടാക്കുന്നു. കേരളം കടം എടുത്തു മുടിയുന്നുവെന്നാണ് ബിജെപിയും കോൺഗ്രസും പറയുന്നത് . എന്നാൽ വിവരങ്ങൾ പരിശോധിച്ചാൽ കൂടുതൽ കടം എടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ലെന്ന് വ്യക്തമാകും. കേരളം കടക്കണിയിൽപെട്ട സംസ്ഥാനമല്ല. കേരളത്തിന്റെ വികസന മാതൃക ലോകം പൊതുവെ അംഗീകരിച്ചതാണ്. നാടിന്റെ വികസനത്തിന്റെ പര്യായമാണ് കിഫ്ബി. അവിടെ ഒന്നും രഹസ്യമല്ല. കിഫ്‌ബി വികസന പദ്ധതിയില്ലാത്ത ഒരു മണ്ഡലവും കേരളത്തിലില്ല. അന്വേഷണ ഏജൻസികളെ ഇറക്കി വിരട്ടാനാണ് കേന്ദ്രത്തിന്റെ ശ്രമം. സുതാര്യമായ തീരുമാനങ്ങളാണ് കിഫ്‌ബിയിൽ ഉണ്ടായത്. അത് തോമസ് ഐസക് മാത്രം എടുത്തതല്ല. കിഫ്‌ബി ബോർഡാണ് വിഷയങ്ങളിൽ തീരുമാനമെടുത്തത്. എന്തോ പ്രശ്നമുണ്ടെന്ന തെറ്റിദ്ധാരണ പരത്താനാണ് ശ്രമം നടക്കുന്നത്. ഇത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിൽ പ്രതിപക്ഷം കേന്ദ്ര ഏജൻസികളെ സഹായിച്ചു. സംസ്ഥാനത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.