ദില്ലി: പിഎം ആവാസ് യോജനയിൽ നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ പടം വയ്ക്കുന്നത് ഗുണഭോക്താക്കളെ അപമാനിക്കുന്നതാണെന്ന കേരളത്തിന്റെ വാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോഗോയില്ലെങ്കിൽ ഓഡിറ്റ് സമയത്ത് തെളിവില്ലാതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ ആവാസ് മന്ദിർ പദ്ധതിയിലെ മന്ദിർ എന്ന വാക്ക് അമ്പലമെന്ന വാക്കുമായി ചേർക്കുന്നത് അനാവശ്യമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
പിഎം ആവാസ് യോജനയുടെ ലോഗോ സ്ഥാപിച്ചില്ലെങ്കിൽ ഓഡിറ്റ് സമയത്ത് വീടുകൾ നിർമ്മിച്ചതിന് തെളിവ് ഇല്ലാതാകും. ആരോഗ്യ മേഖലയിലെ പദ്ധതിക്ക് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് പേരിട്ടപ്പോൾ മന്ദിർ എന്ന് ഞങ്ങൾ പേര് വയ്ക്കില്ലെന്ന് കേരളം വാശിപിടിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. ഗുജറാത്തിലൊക്കെ കോടതിക്ക് ന്യായ് മന്ദിർ എന്നും സ്കൂളിന് ബാൽ മന്ദിർ എന്നൊക്കെയാണ് പറയുക. പദ്ധതിയുടെ പേരിൽ ‘മന്ദിർ’ എന്ന് കേട്ടപ്പോഴേക്കും അത് അമ്പലം ആണെന്ന തരത്തിൽ അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും മോദി പറഞ്ഞു.
കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാർ. സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതയുണ്ട്. പിണറായിക്കെതിരായ ആരോപണങ്ങളിൽ മോദി ശക്തമായ നടപടി എടുക്കുന്നില്ല എന്ന ആരോപണത്തിൽ കഴമ്പില്ല. സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.