മലപ്പുറം: കൊടി വിവാദത്തില്‍ മുസ്ലീം ലീഗിന് ഐക്യദാര്‍ഢ്യവുമായി മലപ്പുറം വണ്ടൂരില്‍ എല്‍ഡിഎഫ് പ്രകടനം. പച്ചക്കൊടികളുമേന്തിയാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. ലീഗിന് കൊടിയുയര്‍ത്താന്‍ വേണ്ട സംരക്ഷണം ഇടതു മുന്നണി ഒരുക്കുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം.
വണ്ടൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിയില്‍ ലീഗ് പതാകയുയര്‍ത്തിയതിനെച്ചൊല്ലി എംഎസ്എഫ്- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം കൈയ്യാങ്കളിയിലെത്തിയിരുന്നു. സംഭവത്തില്‍ എംഎസ്എഫോ ലീഗോ പ്രതിഷേധവുമായി എത്തിയില്ലെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഐഎന്‍എല്ലിന്‍റെ കൊടികളുമേന്തിയായിരുന്നു വണ്ടൂരിലെ പ്രകടനം. കോണ്‍ഗ്രസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചായിരുന്നു മുദ്രാവാക്യം. ലീഗിന്‍റെ കൊടിയുയര്‍ത്താനുള്ള അവകാശത്തിനു വേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. അതേസമയം, മുസ്ലീം ലീഗുമായുള്ള പതിറ്റാണ്ടുകളുടെ ബന്ധമുയര്‍ത്തിക്കാട്ടിയാണ് ഇടതു മുന്നണിയുടെ ലീഗ് സ്നേഹത്തിന് കോണ്‍ഗ്രസ് മറുപടി പറയുന്നത്. എന്നാൽ വണ്ടൂരിലെ സംഭവങ്ങളില്‍ പ്രതികരിക്കാന്‍ ഇതുവരെ മുസ്ലീം ലീഗ് തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.
യുഡിഎസ്എഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മറ്റി മലപ്പുറം വണ്ടൂരില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് കെഎസ് യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായത്. കോണ്‍ക്ലേവിന് ശേഷം നടന്ന സംഗീത നിശയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് കൊടി വീശി നൃത്തം ചെയ്തിരുന്നു. പാര്‍ട്ടി പതാകകള്‍ പ്രചാരണത്തിന് ഉപയോഗിക്കേണ്ടെന്ന മുന്‍ധാരണ ലംഘിച്ചെന്ന് പറഞ്ഞ് കെഎസ് യു പ്രവര്‍ത്തകര്‍ എംഎസ്എഫ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതോടെ തര്‍ക്കം രൂക്ഷമായി. പിന്നാലെ സംഘര്‍ഷവും ഉടലെടുത്തു. മുതിര്‍ന്ന യുഡിഎഫ് നേതാക്കളിടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്. ബിജെപിയെ ഭയന്ന് വയനാട്ടില്‍ മുസ്ലീം ലീഗ് പതാകയുയര്‍ത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചാരോപിക്കുന്ന ഇടതു മുന്നണി സംഭവം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ആയുധമാക്കി മാറ്റുകയായിരുന്നു.