ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങൾ നിഷേധിച്ച് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആൻറണി. നന്ദകുമാറിന് പിന്നിൽ കോൺഗ്രസാണെന്ന് അനില്‍ ആൻറണി ചആരോപിച്ചു. ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അനില്‍ ആൻറണി പറഞ്ഞു. കോൺഗ്രസ് സംസ്ഥാന ദേശീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. നന്ദകുമാർ 2016 ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പിനു ശേഷം ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും അനില്‍ ആൻറണി പ്രതികരിച്ചു. തൻ്റെ പ്രചാരണം അട്ടിമറിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പത്തനംതിട്ടയിൽ മാധ്യമങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു.ബിലീവേഴ്സ് ചർച്ച് തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് വാർത്തയായില്ല.തനിക്ക് അനുകൂലമായുള്ള വാർത്തകൾ ഒതുക്കുന്നുവെന്നും അനില്‍ ആൻറണി കൂട്ടിച്ചേർത്തു.
എൻഡിഎ വന്നാലും ഇന്ത്യ സഖ്യം വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ വിധേയമാകും എന്ന് നന്ദകുമാർ പറഞ്ഞു. ഫോട്ടോ താൻ എടുത്തതല്ല. യാദൃശ്ചികമായി ഡ്രൈവർ എടുത്തതാണ്. തൻ്റെ കയ്യിൽ നിന്ന് പണം വാങ്ങിയ ബിജെപി യുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ്. എഗ്രിമെന്റ് ഇല്ലാതെയാണ് പണം നൽകിയത്. ശോഭ സുരേന്ദ്രൻ നേരിട്ട് തന്നെ വിളിച്ചു.
ഇത് സ്ഥാനാർഥികൾക്കെതിരായ പ്രചരണം അല്ല. താൻ ഒരു പാർട്ടിയുടെയും ആളല്ല. താൻ കുഴപ്പക്കാരൻ എന്ന് പറയുന്ന സമൂഹത്തിലെ ഇത്തരം ആളുകളാണ് കുഴപ്പക്കാർ. കെ സുരേന്ദ്രനും അനിൽ ആന്റണിക്കും വക്കീൽ നോട്ടീസ് അയച്ചു. അനിൽ ആന്റണി വക്കീൽ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. താൻ കാട്ടു കള്ളനാണ് എന്നും വിഗ്രഹ മോഷ്ടാവാണ് എന്നുമുള്ള ആരോപണത്തിലാണ് നോട്ടീസ്.