Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedമുസ്ലിം പെൺകുട്ടികളെ ലിബറലിസത്തിലേക്ക് തള്ളിവിടാനായി നിർമ്മിച്ച ആശയമാണ് ഇസ്ലാമിക ഫെമിനിസം. ഈ ആശയം തലയിലുള്ളവർ മുസ്ലിം...

മുസ്ലിം പെൺകുട്ടികളെ ലിബറലിസത്തിലേക്ക് തള്ളിവിടാനായി നിർമ്മിച്ച ആശയമാണ് ഇസ്ലാമിക ഫെമിനിസം. ഈ ആശയം തലയിലുള്ളവർ മുസ്ലിം ലീഗ് എന്ന ആദർശത്തിന് വിരുദ്ധരാണ് : നൂർബിന റഷീദ്

കോഴിക്കോട്: തിരിച്ചെടുക്കപ്പെട്ട ഹരിത നേതാക്കള്‍ക്കെതിരെ വിമർശനങ്ങളുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. മുസ്ലിം ലീഗ് പ്രവർത്തകരെ സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും കോഴിക്കോട്ടെ പ്രസ്ക്ലബ്ബിൽ പോയി അവതരിപ്പിച്ച ആ പെൺകുട്ടികൾ ഇപ്പോഴും ഇതെല്ലാം പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് നൂർബിനയുടെ വിമർശനം.. 
തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും അവർക്ക് കഴിയട്ടെയെന്ന് നൂർബിന കുറിച്ചു. 

മുസ്ലിം പെൺകുട്ടികളെ ലിബറലിസത്തിലേക്ക് തള്ളിവിടാനായി നിർമ്മിച്ച ആശയമാണ് ഇസ്ലാമിക ഫെമിനിസം. ഈ ആശയം തലയിലുള്ളവർ മുസ്ലിം ലീഗ് എന്ന ആദർശത്തിന് തന്നെ വിരുദ്ധരാണ്. മുസ്ലിം പെൺകുട്ടികൾക്കിടയിൽ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കും ഇവർ വരാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും നൂർബിന കുറിച്ചു. ‘താലിബാൻ ലീഗെന്ന്’ തലക്കെട്ടെഴുതി മാധ്യമങ്ങൾ കൊഴുപ്പിച്ചെടുത്ത ചർച്ചകൾക്ക് മുന്നിൽ ശിരസ്സ് കുനിക്കേണ്ടി വന്ന പാർട്ടിയിലെ ലക്ഷക്കണക്കായ പ്രവർത്തകരെ കുറിച്ച് ഇനിയെങ്കിലും അവർ ചിന്തിക്കട്ടെയെന്നും നൂർബിന കുറിച്ചു.

നടപടി നേരിട്ട എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹിയായിരുന്ന ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയാണ് നിയമിച്ചത്. മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡന്റായും നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തും നിയമിച്ചു. പാർട്ടിക്ക് നൽകിയ മാപ്പപേക്ഷയുടെ അടിസ്ഥാനത്തിലും പാർട്ടിയെ ധിക്കരിച്ച് അന്ന് വനിതാ കമ്മീഷന് നൽകിയ കേസ് പിൻവലിച്ചതിനും ശേഷമാണ് ഇപ്പോൾ ഇവർ പാർട്ടിയിൽ തിരിച്ചെത്തിയതെന്ന് നൂർബിന പറഞ്ഞു.

 

വനിതാ ലീഗിനെ ‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളിൽ ചിലർ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. വേദന തോന്നിയ സമയമായിരുന്നു അത്. പശ്ചാത്തപിച്ച് മടങ്ങി വന്നപ്പോൾ സ്വീകരിക്കുന്നത് സാത്വികരായ നേതാക്കൾ സ്വന്തം മക്കളായി കണ്ടതുകൊണ്ടാണെന്ന് ഹരിത നേതാക്കളെ നൂർബിന ഓർമിപ്പിച്ചു. 

കുറിപ്പിന്‍റെ പൂർണരൂപം

എം.എസ്.എഫിലും ഹരിതയിലും കുറച്ച് കാലങ്ങൾക്ക് മുമ്പ് പാർട്ടി നടപടി നേരിട്ടവരെ ഇപ്പോൾ തിരിച്ചെടുത്തിരിക്കുകയാണ്. കമ്മീഷനുകൾ വെച്ച് കൃത്യമായ അന്വേഷണം നടത്തി പാർട്ടിക്ക് ബോധ്യമായ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പാർട്ടി നടപടി കൈക്കൊണ്ടത്.

ആ വിവാദം പാർട്ടിക്ക് ഉണ്ടാക്കിയ പരിക്ക് വളരെ ഗുരുതരമായതാണ്. ഓരോ മുസ്ലിം ലീഗ് പ്രവർത്തകരെയും സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും കോഴിക്കോട്ടെ പ്രസ്ക്ലബ്ബിൽ പോയി അവതരിപ്പിച്ച ആ പെൺകുട്ടികൾ ഇപ്പോഴും ഇതെല്ലാം ആ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ‘താലിബാൻ ലീഗെന്ന്’ തലക്കെട്ടെഴുതി കേരളത്തിലെ മാധ്യമങ്ങൾ കൊഴുപ്പിച്ചെടുത്ത ചർച്ചകൾക്ക് മുന്നിൽ ശിരസ്സ് കുനിക്കേണ്ടി വന്ന ഈ പാർട്ടിയിലെ ലക്ഷക്കണക്കായ പ്രവർത്തകരെ കുറിച്ച് ഇനിയെങ്കിലും അവർ ചിന്തിക്കട്ടെ.

പാർട്ടിക്ക് നൽകിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാർട്ടിയെ ധിക്കരിച്ച് അന്ന് വനിതാകമ്മീഷന് നൽകിയ കേസ് പിൻവലിച്ചതിന് ശേഷമാണ് ഇപ്പോൾ ഇവർ കടന്നുവന്നിരിക്കുന്നത്.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല മാധ്യമങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കും ഈ പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടുകൊടുത്ത നിങ്ങളോട് അന്ന് സ്വന്തം മക്കളെപോലെയാണ് ആ പ്രവർത്തികളിൽ നിന്ന് പിന്മാറാൻ നമ്മുടെ നേതാക്കൾ ആവിശ്യപ്പെട്ടത്. ഇന്ന് പശ്ചാത്തപിച്ച് നിങ്ങൾ മടങ്ങി വന്നപ്പോഴും സ്വീകരിക്കുന്നത് ആ സാത്വികരായ നേതാക്കൾ സ്വന്തം മക്കളായി കണ്ടതുകൊണ്ടാണ്. ഒരു ഉമ്മയായ ഞാൻ ഏറെ വികാരവായ്പോടെയാണ് ഇത് കണ്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ മക്കൾ തെറ്റ് തിരുത്തി കടന്നുവരുമ്പോൾ എത്ര സ്നേഹത്തോടെയാണ് നമ്മുടെ നേതാക്കൾ ആ കുട്ടികളെ ചേർത്ത് നിർത്തുന്നത്.

തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും അവർക്ക് കഴിയട്ടെ. ഇന്ത്യൻ ജനാധിപത്യത്തിൽ തന്റെ വിശ്വാസവും സ്വത്വവും മുറുകെപ്പിടിച്ച് മുസ്ലിം സ്ത്രീകൾ രംഗപ്രവേശം നടത്തിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയാണ് വനിതാ ലീഗ്. ‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളിൽ ചിലർ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. വളരെ വേദന തോന്നിയ സമയമായിരുന്നു അത്. 30 വർഷങ്ങൾക്ക് മുമ്പ് ഈ വനിതാ ലീഗ് പ്രസ്ഥാനത്തിന്റെ സാരഥ്യം പരിശോധിച്ചാൽ , കാലഘട്ടത്തിൻറെ ഒഴുക്കിനെതിരെ പോരാടികൊണ്ടാണ് അഭ്യസ്തവിദ്യാരായ ഒരു പാട് വനിതകൾ പച്ചക്കൊടിയേന്തി മാതൃസംഘടനക്കു കരുത്തേകിയത് കാണാനാകും.

മക്കളെ പോറ്റി വളർത്തുന്ന കുടുംബിനികളായ ഇവിടുത്തെ ഉമ്മമാർ അഭിമാനത്തോടെ ഇവിടുത്തെ രാഷ്ട്രീയ മണ്ഡലത്തിൽ എഴുനേറ്റ് നിന്നത് വനിതാ ലീഗ് പ്രസ്ഥാനത്തിലൂടെയാണ്. വിദ്യാർത്ഥിനികളായ മുസ്ലിം പെൺകുട്ടികൾ കടന്നുവരേണ്ട അനിവാര്യതക്ക് വനിതാലീഗിൻറെ പങ്കും കണ്ടില്ല എന്നു നടിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനുതുല്യമാണ്.

ഇസ്ലാമിന് നിരവധി ഹദീസുകൾ നൽകിയ സ്വഹാബത്തുകളെ നിരാകരിച്ചു കൊണ്ട് മുസ്ലിം പെൺകുട്ടികളെ ലിബറിലിസത്തിലേക്ക് തള്ളിവിടാനായി നിർമ്മിച്ച ആശയമാണ് ‘ഇസ്ലാമിക ഫെമിനിസം’ ഈ ആശയം തലയിലുള്ളവർ മുസ്ലിം ലീഗ് ആദർശത്തിന് തന്നെ വിരുദ്ധരാണ്. ഇത്തരത്തിൽ മുസ്ലിം പെൺകുട്ടികൾക്കിടയിൽ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവർത്തിയിലേക്കും ഇവർ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com