കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടേണ്ടതില്ലെന്നും അതിന് ഞങ്ങള്‍ സമ്മതിക്കില്ലെന്നും ഷാജി പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി ആരാവണമെന്ന് തീരുമാനിക്കാനുള്ള സംവിധാനം ലീഗിനുണ്ട്. അകത്തെയും പുറത്തെയും ശത്രുക്കളെ ബുദ്ധിപരമായി നേരിടാന്‍ ഞങ്ങള്‍ക്കറിയാം. സമുദായ കാര്യങ്ങള്‍ പറയുമ്പോള്‍ സിപിഐഎം ഉമര്‍ ഫൈസിയെ പോലുള്ളവരുടെ ഉപദേശം തേടണം. അപകടകരമായ വര്‍ഗീയത ഏറ്റെടുത്തിരിക്കുകയാണ് സിപിഐഎം. സിപിഐഎം പ്രചരിപ്പിക്കുന്നത് ശക്തമായ ഇസ്ലാമോഫോബിയയാണ്. ഇതോടെ ബിജെപിക്കാര്‍ ഇനി എന്ത് ചെയ്യും എന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ്.
മുസ്ലിം ലീഗിന്റെ സെക്രട്ടറിയെ മാറ്റുന്നത് തീരുമാനിക്കുന്നത് സംസ്ഥാന കൗണ്‍സിലാണ്. പുറത്ത് ഉള്ളവരുടേത് അഭിപ്രായം മാത്രം ആയിരിക്കും. സിപിഐഎമ്മിന് അവരുടെ അഭിപ്രായം എടുക്കാമെന്നും ഷാജി പറഞ്ഞു. ഹരിത വിവാദത്തില്‍ വ്യക്തിപരമായി ആര്‍ക്കും അഭിപ്രായം പറയാമെന്ന് ഹരിത നേതാക്കളെ വിമര്‍ശിച്ച നൂര്‍ബിന റഷീദിനെ പിന്തുണച്ച് ഷാജി അഭിപ്രായപ്പെട്ടു. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ പടയൊരുക്കം തുടങ്ങിയതിന് പിന്നാലെയാണ് ഷാജിയുടെ പ്രതികരണം.
വ്യക്തി നേട്ടങ്ങള്‍ക്കായി ഉമര്‍ ഫൈസി നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ലീഗിനുള്ളില്‍ ശക്തമായിരിക്കുകയാണ്. ഒരേ വഴിയിലെ രണ്ട് സമാന്തര രേഖകളായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് ഉമര്‍ ഫൈസി നടത്തുന്നതെന്നുമാണ് ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ച ഘട്ടത്തില്‍ തന്നെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ അമര്‍ഷം നുരഞ്ഞിരുന്നു. പിന്നാലെ എം വി ജയരാജന്‍ ഉമ്മര്‍ ഫൈസിയെ മുക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതോടെ മുശാവറ അംഗത്തിനെതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ലീഗ് അണികള്‍ മാറി.