കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂരില്‍ 232 പേര്‍ക്ക് നിലവില്‍ മഞ്ഞപ്പിത്തമുണ്ടെങ്കിലും രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. മുടക്കുഴ പഞ്ചായത്തില്‍ രോഗികളില്ലെന്നും വേങ്ങൂരില്‍ പുതിയ രോഗബാധ ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി എറണാകുളം ഡിഎംഒ മൂവാറ്റുപുഴ ആർ.ഡി.ഒ യ്ക്ക് റിപ്പോർട്ട് നൽകി. രോഗബാധയുടെ കാരണം തേടി ആർഡിഒ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടർക്ക് സമർപ്പിക്കും.
വേങ്ങൂര്‍ മുടക്കുഴ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത്. സംഭവത്തിൽ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മൂവാറ്റുപുഴ ആര്‍ഡിഒ അന്വേഷണം നടത്തിയത്. തുടക്കത്തില്‍ സ്ഥലം സന്ദര്‍ശിച്ച് ആളുകളില്‍ നിന്ന് മൊഴിയെടുത്തു. പിന്നീട് വിവിധ വകുപ്പുകളുടെ പ്രതിനിധികളെയും പഞ്ചായത്ത് പ്രസിഡന്‍റുമാരെയും വിളിപ്പിച്ചു. മൂവാറ്റുപുഴ ആർഡിഒ ഓഫീസിലായിരുന്നു തെളിവെടുപ്പ് നടന്നത്. ആരോഗ്യം, ജല അതോറിറ്റി, റവന്യൂ, പോലീസ്, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
രോഗം നിയന്ത്രണ വിധേയമാണെങ്കിലും രണ്ടു പേര്‍ അത്യാസന്ന നിലയിൽ കഴിയുന്നത് ആശങ്കയാണ്. മുടക്കുഴയിലെ രോഗം പൂർണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും വേങ്ങൂരില്‍ 232 പേര്‍ ചികിത്സയിലുള്ളത് ജനത്തെ ഭീതിയിലാക്കി. അഞ്ചു ദിവസത്തിനുള്ളില്‍ മൂവാറ്റുപുഴ ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.