കോഴിക്കോട് : ബാർ കോഴ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എംബി രാജേഷിനേയും മുഹമ്മദ് റിയാസിനേയും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം തയ്യാർ അല്ല. ശക്തമായ സമരം നടത്തുമെന്നും മുരളീധരൻ പ്രഖ്യാപിച്ചു.
മദ്യനയം അനുകൂലമാക്കാൻ ബാർ ഉടമകൾ കോഴ നൽകണമെന്ന ബാർ ഉടമകളുടെ അസോസിയേഷൻ നേതാവ് അനിമോന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഇപ്പോൾ അനിമോൻ മലക്കം മറിഞ്ഞത് കൂടുതൽ ദുരൂഹത ഉണ്ടാക്കുന്നു. ഇനി മലക്കം മറിഞ്ഞിട്ട് കാര്യമില്ല. ബാർ കോഴയിൽ പ്രതിപക്ഷം സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ മന്ത്രിമാർ വിദേശത്തേക്ക് പോയി. ആരാണ് ഈ വിദേശ യാത്രക്ക് സ്പോൺസർ ചെയ്യുന്നത്. ഇതും ബാർ കോഴയുമായി ബന്ധം ഉണ്ടോ? സർക്കാരിന് പണം കൊടുക്കാനുള്ള കാര്യമാണ് അനിമോൻ പറഞ്ഞതെന്നും മുരളീധരൻ ആരോപിച്ചു.
അതേസമയം, ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തും. ഓഡിയോ സന്ദേശം അയച്ച ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. അനിമോനിൽ നിന്ന് മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന് അനിമോൻ നൽകുന്ന മൊഴിയനുസരിച്ചായിരിക്കും തുടർ നീക്കം. യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും അന്വേഷണ സംഘം ശേഖരിക്കും. യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.അതേസമയം ബാറുടമകളെ കൂടുതൽ വെട്ടിലാക്കി സംഭവത്തിൽ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി. പണപ്പിരിവിനെ കുറിച്ചാണ് പരിശോധന.