മാധ്യമപ്രവര്‍ത്തകന്‍ റൂബിന്‍ ലാലിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തെ അപലപിച്ച വി ഡി സതീശന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അല്ല സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎം ജില്ലാ കമ്മിറ്റിയാണ് എസ്പിയെ നിയന്ത്രിക്കുന്നതെന്നും എസ്എച്ച്ഒയെ നിയന്ത്രിക്കുന്നത് സിപിഐഎം ഏരിയാ കമ്മിറ്റി നേതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റൂബിന്റെ അറസ്റ്റിനെതിരെ രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. സംഭവത്തെ അപലപിച്ച കെയുഡബ്ല്യുജെ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു.
പൊലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിനിരയായെന്ന് റൂബിന്‍ ലാല്‍ പ്രതികരിച്ചു. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് രാത്രിയോടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാത്രി മുതല്‍ നേരം വെളുക്കും വരെ അടിവസ്ത്രത്തില്‍ നിര്‍ത്തി. അതിരപ്പിള്ളി സിഐ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്നാണ് സിഐ ഭീഷണിപ്പെടുത്തിയതെന്നും റൂബിന്‍ പറഞ്ഞു.
ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. അതിരപ്പള്ളി ട്വന്റിഫോര്‍ ഒബിടി അംഗമാണ് റൂബിന്‍ ലാല്‍. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു.
സിസിഎഫിന്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ റൂബിനെ അറസ്റ്റ് ചെയ്തതെന്തിനാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും വനംമന്ത്രി വ്യക്തമാക്കി.