ദില്ലി: എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായി ഉള്ളത് ഉലയാത്ത ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തെരഞ്ഞെടുപ്പ് സഖ്യത്തിന്‍റെ ജയമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്‍റെ അന്തസത്തയാണ് സഖ്യം ഉയര്‍ത്തിപ്പിടിക്കുന്നത്. വൈകാരികമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തിന്‍റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
കേരളത്തിലെ വിജയത്തെപ്പറ്റി മോദി എന്‍ഡിഎ യോഗത്തില്‍ പറഞ്ഞു. കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. ജമ്മു കാശ്മീരിലേതിനേക്കാൾ പ്രവർത്തകർ കേരളത്തിൽ ത്യാഗം സഹിച്ചു. തടസങ്ങൾക്കിടയിലും ശ്രമം തുടർന്ന് ഒടുവിൽ വിജയം നേടി. ഇപ്പോൾ ഒരു ലോക്സഭാ അംഗത്തെ നമുക്ക് ലഭിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാവുകയാണ്. ഞായറാഴ്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. എന്‍ഡിഎ സഖ്യത്തിന്‍റെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കയ്യടികളോടെയാണ് അംഗങ്ങള്‍ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്നാഥ് സിംഗ് സംസാരിക്കുകയും ചെയ്തു.