ദുബൈ: ഞായറാഴ്ച മുതൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച മഴ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ്ഇക്കാര്യം അറിയിച്ചത്. ഇന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരുന്നു.വരും ദിവസങ്ങളിൽ താപനില കുറയാനും ഈർപ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടൽമഞ്ഞും റിപ്പോർട്ട് ചെയ്തു.ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈനിലെ ചില ഭാഗങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ചെറിയ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഹത്തയിൽ തിങ്കളാഴ്ച പുലർച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. മഴയുടെ സാഹചര്യത്തിൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിൽ ആവശ്യപ്പെട്ടിരുന്നു. മലയോര മേഖലകളിൽ താമസിക്കുന്നവർ പുറത്തിറങ്ങുമ്പോൾ വെള്ളപ്പൊക്ക സാധ്യതയുള്ള വാദികളിലും താഴ്‌വരകളിലും ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ നിർദേശിച്ചു.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
RELATED ARTICLES