ദില്ലി: മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചട്ടലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ലോക്മംഗൾ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഉദ്ഗിർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, സതാര സഹകാരി ബാങ്ക് എന്നിവയാണ് പിഴ നൽകേണ്ടത്.
കേന്ദ്ര ബാങ്ക് ലോക്മംഗൾ സഹകരണ ബാങ്കിന് 5 ലക്ഷം രൂപയും സതാര സഹകാരി ബാങ്കിന് 2 ലക്ഷം രൂപയും ഉദ്ഗിർ അർബൻ സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയും ആർബിഐ പിഴ ചുമത്തി. അക്കൗണ്ടുകളുടെ ആനുകാലിക അവലോകനം ബാങ്ക് നടത്താത്തതും കെവൈസി കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്യാത്തതുമാണ് ലോക്മംഗൾ കോ-ഓപ്പറേറ്റീവ് ബാങ്കിന് പിഴ ചുമത്തിയതെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു.
ബാങ്കുകൾ വരുത്തിയ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് പിഴകളെന്നും ബാങ്കുകൾ അതത് ഇടപാടുകാരുമായി ഉണ്ടാക്കിയ കരാറിൻ്റെ ഏതെങ്കിലും ഇടപാടിൻ്റെ സാധുതയെ ബാധിക്കുന്നത് അല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം, അഞ്ച് സഹകരണ ബാങ്കുകൾക്ക് മൊത്തം 60.3 ലക്ഷം രൂപ റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു . വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. രാജ്‌കോട്ട് സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി കാൻഗ്ര കോ-ഓപ്പറേറ്റീവ് ബാങ്ക്, രാജധാനി നഗർ കോ-ഓപ്പറേറ്റീവ് ബാങ്ക് (ലഖ്‌നൗ), ജില്ലാ സഹകരണ ബാങ്ക്, ഗർവാൾ, ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്കാണ് ആർബിഐ പിഴ ചുമത്തിയത്.