Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedചെയ്യാത്ത ജോലിയുടെ പേരില്‍ കൈപ്പറ്റിയത് ഒരു കോടിയോളം രൂപ; ഡിഎന്‍ഒ യുപി സ്കൂളിലെ ക്രമക്കേട് കണ്ടെത്തി

ചെയ്യാത്ത ജോലിയുടെ പേരില്‍ കൈപ്പറ്റിയത് ഒരു കോടിയോളം രൂപ; ഡിഎന്‍ഒ യുപി സ്കൂളിലെ ക്രമക്കേട് കണ്ടെത്തി

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേട് നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ അനധികൃതമായി ശമ്പളയിനത്തിൽ കൈപ്പറ്റിയത് ഒരു കോടിയോളം രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്കൂള്‍ മാനേജര്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമെതിരെ ക്രിമിനൽ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന മലപ്പുറം ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏ  ലഭിച്ചു.

കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളിലെ മൂന്ന് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വണ്ടൂര്‍ എഇഒയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. അധ്യാപകരായ ഒ സുലാഫ, നിഷാത്ത് സുല്‍ത്താന, സി റെയ്ഹാനത്ത് സ്കൂള്‍ മാനേജര്‍ എന്‍ കെ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കെതിരെയാണ് മലപ്പുറം ഡി ഡി ഇയുടെ അന്വേഷണ റിപ്പോര്‍ട്ട്. 

ഈ അധ്യാപകരുടെ അനധികൃത നിയമനങ്ങള്‍ക്ക് കൂട്ടുനിന്ന പ്രധാന അധ്യാപകനെതിരേയും നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇന്‍റന്‍സീവ് പ്രോഗ്രാം പ്രകാരമാണ് ഡിഎൻഒ യുപി സ്കൂള്‍ അനുവദിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട സ്കൂളുകളില്‍ 2003 മുതല്‍ വിവിധ വര്‍ഷങ്ങളിലായി ജോലിയില്‍ പ്രവേശിച്ച് നിയമനാംഗീകാരം കിട്ടാതിരുന്ന അധ്യാപകര്‍ക്ക് 2015 നവംബര്‍ മുതല്‍ അംഗീകാരവും സേവന വേതന ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവിട്ടിരുന്നു.

 

ഈ ഉത്തരവ് സ്കൂള്‍ അധികൃതര്‍ ദുരുപയോഗം ചെയ്തെന്നാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അംഗീകാരം കിട്ടാത്ത കാലത്ത് ജോലി ചെയ്തിരുന്ന മറ്റു അധ്യാപകരുടെ രേഖകള്‍ തിരുത്തി സ്കൂള്‍ മാനേജ്മെന്‍റ് ഭാരവാഹികളുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഈ അധ്യാപകര്‍ വ്യാജ രേഖകള്‍ ചമച്ച് മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കൈപ്പറ്റി. 

ചെയ്യാത്ത ജോലിയുടെ പേരില്‍ ഇവര്‍ കൈപ്പറ്റിയത് ഒരു കോടിയോളം രൂപയാണ്. കുറ്റക്കാരായ അധ്യാപകര്‍ അനധികൃതമായി കൈപ്പറ്റിയ ശമ്പളം 18 ശതമാനം പിഴപ്പലിശയോടെ സര്‍ക്കാരിലേക്ക് തിരിച്ചടക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. മാനേജര്‍ക്കും അധ്യാപകര്‍ക്കും എതിരെ ക്രമിനല്‍ നടപടി സ്വീകരിച്ച് സ്കൂളിന്‍റെ താത്കാലിക ചുമതല വണ്ടൂര്‍ എ ഇ ഒ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഡി ഡി ഇ യുടെ അന്വേഷണ റിപ്പോര്‍ട്ട് ഡിപി ഐയുടെ പരിഗണനയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments