തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ ഡീനിന്റെ ചുമതല നിർവഹിക്കുകയാണ് വേണ്ടത്. അത് ചെയ്തിട്ടില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനമുറയുടെ പശ്ചാത്തലത്തിൽ ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
അതിനിടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത് സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നുവെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഹോസ്റ്റലിലെ അലിഖിത നിയമപ്രകാരം ഒത്തുതീര്‍പ്പാക്കാമെന്നാണ് പറഞ്ഞത്. ഇതുപ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ത്ഥൻ തിരികെ കോളേജിലെത്തി. എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാര്‍ത്ഥനെ തടവിൽ വെച്ചു.
അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിച്ചത്. ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലിൽ തിരികെയെത്തിച്ചു. 21ാം നമ്പര്‍ മുറിയിൽ വച്ച് മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധരിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു. 17 ന് പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദ്ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു.
അതേസമയം ഹോസ്റ്റലിലെ സെക്യൂരിറ്റി സര്‍വീസല്ല തന്റെ ജോലിയെന്നായിരുന്നു സംഭവത്തിൽ ഡീനിന്റെ പ്രതികരണം. ആത്മഹത്യാ വിവരമറിഞ്ഞ ഉടൻ താൻ ഹോസ്റ്റലിൽ എത്തിയിരുന്നുവെന്നും വിദ്യാര്‍ത്ഥി ബന്ധുക്കളെ വിളിച്ചത് താൻ ആവശ്യപ്പെട്ടിട്ടായിരുന്നുവെന്നുമാണ് ഇന്ന് രാവിലെ ഡീൻ എംകെ നാരായണൻ പ്രതികരിച്ചത്. വാര്‍ഡനല്ല, റസിഡന്റ് ട്യൂറ്ററാണ് ഹോസ്റ്റലിനകത്ത് താമസിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.