കോട്ടയം: ഭരണസമിതിയുടെ പിടിപ്പുകേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. പണം തിരിച്ചു കിട്ടാത്ത നിക്ഷേപകര്‍ നിരന്തരം ബാങ്കില്‍ കയറി ഇറങ്ങിയിട്ടും പ്രയോജനമുണ്ടാകുന്നില്ല. സിപിഎം നേതൃത്വത്തിലുളള ഭരണസമിതി രാജിവച്ചതിനു പിന്നാലെ എത്തിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലും നിക്ഷേപകര്‍ കടുത്ത അതൃപ്തിയിലാണ്.
രണ്ടായിരത്തോളം നിക്ഷേപകരാണ് കടനാട് ബാങ്കില്‍ കയറി ഇറങ്ങി മടുത്തിരിക്കുന്നത്. മക്കളുടെ വിവാഹവും വിദ്യാഭ്യാസവും ചികില്‍സയുമടക്കമുളള ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച പണം കിട്ടാതെ വന്നതോടെ കഴിഞ്ഞ ദിവസം നിക്ഷേപകര്‍ കൂട്ടത്തോടെ ബാങ്കിലെത്തി പ്രതിഷേധിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതി ഇഷ്ടക്കാര്‍ക്ക് വാരിക്കോരി വായ്പ കൊടുത്തതോടെയാണ് ബാങ്ക് പൊളിഞ്ഞത്. 55 കോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് കിട്ടാനുളള കുടിശിക. വായ്പയെടുത്തവരാവട്ടെ തിരിച്ചടയ്ക്കുന്നുമില്ല.
കഴിഞ്ഞ ഒക്ടോബറില്‍ ഇടത് ഭരണ സമിതി രാജിവച്ചിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ബാങ്കിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന പരാതി നിക്ഷേപകര്‍ക്കിടയില്‍ ശക്തമാണ്.