തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരിയിൽ നിന്ന് യാത്ര പുറപ്പെട്ടത് ഇന്തോനേഷ്യയിലേക്ക്. ഈ മാസം 12 വരെ അദ്ദേഹം ഇന്തോനേഷ്യയിൽ തുടരും. 12 മുതൽ 18 വരെയുള്ള ആറ് ദിവസങ്ങളിൽ അദ്ദേഹം സിങ്കപ്പൂരിലാണ് ചെലവഴിക്കുക. പിന്നീട് ഈ മാസം 19 മുതൽ 21 വരെ യുഎഇയും സന്ദര്‍ശിക്കും. ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും മുഖ്യമന്ത്രിക്കും ഭാര്യയ്‌ക്കും ഒപ്പമുണ്ട്. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത്. വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രി അറിയിച്ചത്.
പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് യാത്ര തിരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകനുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാത്രതിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര. ഇന്ന് ഇരുവരും ഇന്തോനേഷ്യയിലേക്കെത്തും. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രിയും മന്ത്രി റിയാസും അറിയിച്ചത്.
തെരഞ്ഞെടുപ്പ് സമയമായതിനാൽ ഓദ്യോഗിക വിദേശയാത്രകൾക്ക് പരിമിതിയുണ്ട്. സാധാരണ മുഖ്യമന്ത്രിയുടെ വിദേശയാത്രകൾക്ക് മുൻപായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പുണ്ടാകാറുണ്ട്. ഇത്തവണ ഒരു അറിയിപ്പും ഉണ്ടായില്ല. യാത്രാ വിവരം ഗവർണ്ണറെയും അറിയിച്ചിട്ടില്ല. കുറച്ച് ദിവസത്തേക്ക് ഓഫീസിലുണ്ടാകില്ലെന്ന വിവരമാണ് സ്റ്റാഫ് അംഗങ്ങളെ മുഖ്യമന്ത്രി അറിയിച്ചത്. ഈ ദിവസങ്ങളിലെല്ലാം വിവിധ ജില്ലകളിൽ മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുണ്ടായിരുന്നു. അതെല്ലാം മാറ്റിവെച്ചു.