ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഒളിച്ചോടുന്ന സാമ്പത്തിക കുറ്റവാളികൾക്ക് യുകെ അഭയം നൽകുന്നതിനെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. നികുതി വെട്ടിപ്പുകാരുടെ സങ്കേതമെന്ന രീതിയിൽ യുണൈറ്റഡ് കിംഗ്ഡത്തെ നോക്കിക്കാണുന്ന അവസ്ഥയിലേക്കാണ് ഈ പ്രവണത ചെന്നെത്തിക്കുക. അതിനാൽ ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ കൈമാറുന്ന കാര്യത്തിൽ ഉത്തരവാദിത്വത്തോടെ നീങ്ങാൻ യുകെ തയ്യാറാകണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് അഭയ കേന്ദ്രമായിരിക്കുകയാണ് യുകെ. സാമ്പത്തിക കുറ്റവാളികൾക്ക് തണലൊരുക്കാതെ ഇന്ത്യക്ക് കൈമാറണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ട നിയമനടപടികൾ പലതവണ സ്വീകരിച്ചു. ഇന്ത്യയിൽ കോടികൾ തട്ടിപ്പ് നടത്തി മുങ്ങിയ മേഹുൾ ചോക്സി, നീരവ് മോദി എന്നിവര തിരികെയെത്തിക്കാൻ ശക്തമായ സമ്മർദം നൽകുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.
വ്യവസായി മേഹുൾ ചോക്സിയും അനന്തരവൻ നീരവ് മോദിയും പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് 14,000 കോടി രൂപ തട്ടിപ്പ് നടത്തിയതിൽ അന്വേഷണം നേരിടുന്നവരാണ്. ഇവർ യുകെയിലേക്കാണ് രക്ഷപ്പെട്ടത്. ആന്റിഗ്വാ ആൻഡ് ബർബൂഡ എന്ന ദ്വീപ് രാജ്യത്താണ് നിലവിൽ ചോക്സിയുള്ളത്.
യുകെയിലെ ജയിലിൽ കഴിയുകയാണ് നീരവ് മോദി. ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച നിയമനടപടികൾ പുരോഗമിക്കുകയാണ്. 9,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ വിജയ് മല്യയും യുകെയിൽ സുരക്ഷിതമായി കഴിയുന്നുണ്ട്.