ലഖ്നൗ: ഉത്തർപ്രദേശിൽ അനധികൃതമായി 13000ത്തോളം മദ്റസകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവയെല്ലാം അടച്ചുപൂട്ടണമെന്നും എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) റിപ്പോർട്ട്. സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും മദ്റസകൾക്ക് പ്രവർത്തിക്കാൻ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേപ്പാൾ അതിർത്തിയോട് ചേർന്ന മഹാരാജഗഞ്ച്, ശ്രാവഷ്ടി, ബഹ്റെയ്ച്ച് എന്നിവിടങ്ങളിലാണ് കൂടുതൽ അനധികൃത മദ്റസകളും പ്രവർത്തിക്കുന്നത്.
ഇവയുടെ അക്കൗണ്ടുകൾ സുതാര്യമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും എസ്ഐടി വ്യക്തമാക്കി. ഈ മൂന്ന് ജില്ലകളിൽ മാത്രം അഞ്ഞൂറോളം മദ്റസകൾ അനധികൃതമായി പ്രവർത്തിക്കുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ മദ്റസകൾക്കെതിരെ മദ്റസാ ബോർഡ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്ഐടി പറഞ്ഞു. ഉത്തർപ്രദേശിലെ അനധികൃത മദ്റസകൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ വർഷമാണ് സർക്കാർ എസ്ഐടിയെ നിയോഗിച്ചത്.