തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനോത്സവത്തിൻറെ പേര് ഇൻതിഫാദ എന്നത് മാറ്റാൻ നിർദേശം. പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു. എസ്എഫ്ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാൻ നിര്‍ദ്ദേശം നൽകിയത്. ഇൻതിഫാദ എന്ന പേര് സമുദായ ഐക്യം തകർക്കുമെന്ന് കാണിച്ച് പരാതി ഉയർന്നിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിസിയുടെ നടപടി.
ഈ മാസം 7 മുതൽ 11 വരെ നടക്കുന്ന കേരള സർവ്വകലാശാല കലോത്സവത്തിനാണ് ഇൻതിഫാദ എന്ന പേരിട്ടത്. പേരിട്ടതിനെ ചോദ്യം ചെയ്ത് നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥി ആശിഷ് എ.എസ് ആണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ പ്രാഥമിക വാദം കേട്ട സിംഗിൾ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കേരള സർവകലാശാല എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. വൈസ് ചാൻസലർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാനും നിർദേശം നൽകിയിരുന്നു.
അറബി പദമായ ഇൻതിഫാദക്ക് തീവ്രവാദവുമായും പലസ്തീൻ-ഇസ്രയേൽ യുദ്ധവുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം. കലോത്സവത്തിന് ഈ പേര് നൽകരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എബിവിപി പേരിനെതിരെ പ്രസ്താവനയിറക്കി. അതേ സമയം ഇൻതിഫാദ എന്ന പേരിൽ തന്നെയാണ് എസ്എഫ്ഐ നേതൃത്വം നൽകുന്ന സർവ്വകലാശാല യൂണിയൻ മുന്നോട്ട് പോകുന്നത്. ഫ്ലക്സും പ്രചാരണ ബോർഡുകളുമൊന്നും മാറ്റിയിട്ടില്ല. വിവാദം പുകയുമ്പോഴും പരാതിയെ കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് യൂണിയൻ ഭാരവാഹികൾ തയ്യാറായിട്ടില്ല. പലസ്തീൻ ജനതയുടെ പ്രതിരോധം എന്ന നിലക്കാണ് പേരിട്ടതെന്നാണ് വിശദീകരണം.