ലോക മലയാളികളുടെ സ്പന്ദനമായി മാറിയ വേൾഡ് മലയാളി കൗൺസിൽ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. നിരവധി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ഈ സംഘടന ഇന്ന് മലയാളികൾക്കിടയിലെ പ്രധാന ‘സംഘടനകളിൽ ഒന്നായി മാറിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖരാണ് വേൾഡ് മലയാളി കൗൺസിലിന്റെ ഭാഗമായിട്ടുള്ളത്.
1995 ലാണ് ഡബ്ലിയുഎംസി രൂപീകൃതമായത്. ലോക മലയാളികൾക്കിടയിലെ കൂട്ടായ്മയുടെ പ്രകാശമായി അത് പടർന്നു. 1995 ഏപ്രിൽ 7ന് ആദ്യത്തെ ആഗോള കൺവൻഷൻ ന്യൂജേഴ്‌സിയിൽ അമേരിക്കയിലെ പ്രഥമ മലയാളി മേയർ ജോൺ ഏബ്രഹാമിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. 1994ൽ വേൾഡ് മലയാളി കൺവൻഷൻ സംഘടിപ്പിക്കുക എന്നുള്ള ആശയം സാമൂഹിക പ്രവർത്തകനായ വറുഗീസ് തെക്കേക്കരയുടെ പത്‌നി മറിയാമ്മ വറുഗീസിന്റെയും മനസ്സിലാണ് ഉദിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന കൺവൻഷന്റെ സമാപന ദിവസമായ 1995 ജൂലൈ 3ന് വേൾഡ് മലയാളി കൗൺസിൽ ഇൻകോർപ്പറേറ്റഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ടി എൻ ശേഷനായിരുന്നു ആദ്യ ചെയർമാൻ. പ്രസിഡന്റ് കെ.പി.പി. നമ്പ്യാർ, ജനറൽ സെക്രട്ടറി അലക്‌സ് വിളനിലം കോശി
.ആൻഡ്രൂ പാപ്പച്ചൻ (വി.പി. അഡ്മിൻ), ഡോ. ജോർജ് ജേക്കബ് (വി.പി.), ഡോ. എ.കെ.ബി. പിള്ള (വി.പി.), ജോൺ എബ്രഹാം (വി.പി.), ജോൺ പണിക്കർ (വി.പി.), തോമസ് ജേക്കബ് വടക്കേമണ്ണിൽ (ട്രഷറർ), പി.റ്റി.ചാക്കോ, ശോശാമ്മ ജോൺ,പി ജെ.മാത്യു,ജോൺ പണിക്കർ, ലേഖ ശ്രീനിവാസൻ, സക്കറിയ പി.തോമസ് എന്നിവർ ചേർന്ന് സംഘടനയ്ക്ക് ഊടുംപാവും നൽകി.
ഇതിൽ അലക്‌സ് വിളനിലം കോശി ഇന്നും ഡബ്ലിയു എം സി യുടെ സന്തതസഹചാരിയാണ്. നിലവിലെ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കലുമായി ചേർന്ന്
ബാങ്കോക്കിൽ വച്ച് ഈ ബൃഹത് സംഘടനയുടെ മുപ്പതാം വാർഷികം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ഡബ്ലിയുഎംസി യിലെ ഓരോ അംഗത്തിന്റെയും ഏറെക്കാലത്തെ സ്വപ്നമാണ് സംഘടനയ്ക്ക് ആഗോളതലത്തിൽ ഒരു ആസ്ഥാനം പണി
കഴിപ്പിക്കുക എന്നുള്ളത്. 30ാം വാർഷികത്തോടനുബന്ധിച്ച് ന്യൂജേഴ്‌സിയിൽ (വുഡ്രിഡ്ജ്) ആസ്ഥാനമന്ദിരം പണി കഴിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണസമിതി. ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിലെ പരസ്പര സാഹോദര്യവും വ്യക്തി ബന്ധവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വേൾഡ് മലയാളി കൗൺസിൽ രൂപീകരിച്ചത് എന്ന് ഇതിൽ വളർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് പടർന്നു പന്തലിച്ചു. സാമൂഹ്യജീവകാരുണ്യ സാംസ്‌കാരിക മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഈ സംഘനയ്ക്കായി. മുതിർന്നവരെയും ചെറുപ്പക്കാരെയും സ്ത്രീകളെയും കുട്ടികളെയും ഒരേ പോലെ ചേർത്തുപിടിയ്ക്കുന്ന സംഘടനയായി ഇത് അതിവേഗം പടർന്നു പന്തലിച്ചു. കേരളത്തിന്റെ നവകേരളത്തെ വാർത്തെടുക്കുന്നതിനും കേരളത്തിന്റെ സാമൂഹ്യ പുരോഗതിയ്ക്കും വേണ്ടി ഈ സംഘടന ചെയ്ത പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് ഈ സംഘടനയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വന്നത്.