ദില്ലി: ഭൂചലനം നാശം വിതച്ച മ്യാൻമാറിന് സഹായവുമായി ഇന്ത്യ. ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാൻമാറിലെത്തി. കൂടാതെ 38 പേർ അടങ്ങുന്ന എൻഡിആർഎഫ് സംഘത്തെയും 15 ടൺ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ മ്യാൻമാറിലേക്ക് അയച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കരസേന താത്കാലിക വൈദ്യ ചികിത്സ കേന്ദ്രവും മ്യാൻമാറിൽ സ്ഥാപിക്കും. മ്യാൻമാറിലെ 16000ത്തോളം ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ മ്യാൻമാറിലേക്ക് അയക്കും. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ആറ് വനിത ഡോക്ടർമാരും ഓപ്പറേഷൻ ബ്രഹ്മ സംഘത്തിലുണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും. നാല് നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചു. 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ കപ്പലുകളിൽ കൊണ്ടു പോകുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെന്ന് സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.